ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ കാണാതായി. ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന 32 നിർണായക രേഖകളാണ് കാണാതായിട്ടുള്ളത്. റിസോർട്ടിന് നിർമാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഓഫീസിൽനിന്നു കടത്തിയത്. ഭൂമി കൈയേറ്റ ആരോപണം നിലനിൽക്കുന്ന റിസോർട്ടിൽ റവന്യുവകപ്പ് അധികൃതർ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകൾ കാണാതായതെന്നാണു സൂചന. സംഭവത്തിൽ മുനിസിപ്പൽ സെക്രട്ടറി സെർച്ച് ഓർഡറിട്ടു. പരിശോധന തുടരുകയാണ്.
ഇതിനിടെ ആലപ്പുഴയിൽ എൻസിപി പ്രവർത്തകർ മന്ത്രി തോമസ് ചാണ്ടിയുടെ കോലം കത്തിച്ചു. ശശീന്ദ്രൻ വിഭാഗം പ്രവർത്തകരാണ് കോലം കത്തിച്ചത്. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. എന്നാൽ കോലം കത്തിച്ചത് അപലപനീയമെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു
അതേ സമയം മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ തുടർന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. ചാണ്ടിയുടെ ലേക്പാലസ് റിസോർട്ടിൽ ആലപ്പുഴ നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് തോമസ് ചാണ്ടി ഇന്നും രംഗത്തെത്തി
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോർട്ടിലെ നിയമലംഘനനങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് മുനിസിപ്പൽ എഞ്ചിനീയറും റവന്യൂഓഫീസറും അടങ്ങുന്ന സംഘമെത്തിയത്. എന്നാൽ റിസോർട്ടിൽ പരിശോധന നടത്തിയത് തെറ്റിദ്ധാരണ കൊണ്ടാകാമെന്ന നിലപാടിലായിരുന്നു മന്ത്രി തോമസ് ചാണ്ടി
ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. നിലംനികത്തിയെന്ന് പരാതിയുയർന്ന തോമസ് ചാണ്ടിയുടെ മാർത്താണ്ഡത്തെ ഭൂമിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെ ബോർഡുകൾ തകർത്തു.
