തിരുവനന്തപുരം: വിവാദച്ചുഴിയില്‍ പെട്ട് ഗത്യന്തരമില്ലാതെ രാജിവെച്ചിട്ടും, രാജി ആവശ്യമില്ലായിരുന്നുവെന്ന് തന്നെയാണ് ഇപ്പോഴും തോമസ് ചാണ്ടിയുടെ നിലപാട്. നിയമലംഘനങ്ങള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസിനോട്, രാജിക്ക് ശേഷം പ്രതികരിക്കാന്‍ തോമസ് ചാണ്ടി തയ്യാറായില്ല. രാജിവെച്ച ശേഷം ഔദ്ദ്യോഗിക വാഹനത്തില്‍ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് മറ്റ് മാധ്യമങ്ങളോട് തോമസ് ചാണ്ടി പ്രതികരിച്ചത്.
താന്‍ രാജിവെച്ചാലും എന്‍.സി.പിയുടെ മന്ത്രിസ്ഥാനം നഷ്‌ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കുറ്റവിമുക്തനായെത്തിയാല്‍ തനിക്ക് മന്ത്രിസ്ഥാനം തിരികെ ലഭിക്കും. ഫോണ്‍വിളി വിവാദത്തില്‍പ്പെട്ട് നേരത്തെ രാജിവെയ്ക്കേണ്ടി വന്ന എ.കെ ശശീന്ദ്രന്റെ കേസില്‍ നിയമനടപടി അവസാനിച്ചാല്‍ മന്ത്രിസ്ഥാനം അദ്ദേഹത്തിന് നല്‍കും. ആരാണോ ആദ്യം കുറ്റവിമുക്തനാവുന്നത് അയാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന എന്‍.സി.പിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. തോമസ് ചാണ്ടിയുടെ രാജി സ്വീകരിച്ച് ഗവര്‍ണ്ണര്‍ക്ക് കൈമാറിയ ശേഷം, പകരം മന്ത്രി ഇപ്പോഴില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മന്ത്രിക്കും സര്‍ക്കാറിനുമെതിരെ ഇന്നലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം.
