തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഉറപ്പിച്ചതോടെ ഇതുവരെ പിന്തുണച്ച മുഖ്യമന്ത്രിയും എല്‍.ഡി.എഫും വെട്ടിലായി. മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ ചട്ടലംഘനമുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ ചട്ടലംഘനം ഒന്നൊന്നായി ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടു വരുമ്പോഴൊക്കെ എല്ലാം വെറും ആരോപണം മാത്രമെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കളുടെ നിലപാട്. അന്തിമ റിപ്പോര്‍ട്ട് വന്നപ്പോള്‍ സര്‍ക്കാറും എല്‍.ഡി.എഫും കടുത്ത സമ്മര്‍ദ്ദത്തിലായി. സോളാര്‍ അഴിമതി ഉപയോഗിച്ച് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുമ്പോള്‍ തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങളില്‍ ഇനി കണ്ണടച്ച് പോകാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. അഴിമതിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൂചന യെച്ചൂരി നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു. സി.പി.ഐ നിലപാട് ശക്തമാക്കുമെന്ന സൂചനയാണ് കാനം നല്‍കുന്നത്. നാളെ തലസ്ഥാനത്തെത്തുന്ന റവന്യുമന്ത്രി കലക്ടറുടെ റിപ്പോര്‍ട്ട് വിശദമായി വിലയിരുത്തും.

ജനജാഗ്രതാ യാത്രകളിലും തോമസ് ചാണ്ടി ഇനി ഇടതിന് തലവേദനയാകും. കേന്ദ്ര നേതൃത്വം ഇടപെട്ട് വെടിനിര്‍ത്തല്‍ ഉണ്ടാക്കിയ എന്‍.സി.പിയിലെ ചാണ്ടി വിരുദ്ധര്‍ ആവേശത്തിലാണ്. സോളാറില്‍ വീണ പ്രതിപക്ഷം ചാണ്ടിയുടെ കയ്യേറ്റമുയര്‍ത്തി തിരിച്ചടി തുടങ്ങി. മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.