ആലപ്പുഴ: ലേക്പാലസ് റിസോര്‍ട്ടിനുമുന്നിലെ പ്രധാന ഗേറ്റിലും പാര്‍ക്കിംഗ് സ്ഥലത്തും നെല്‍പാടം നികത്താനുള്ള അനുമതി രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് അധികതര്‍ക്ക് കഴിഞ്ഞില്ല. ഒക്ടോബര്‍ മാസം നാലാം തീയ്യതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ ലേക് പാലസ് റിസോര്‍ട്ട് കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, നിലം നികത്താനുള്ള അനുമതി തനിക്ക് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് നോട്ടീസ് നല്‍കിയതെന്നും കായല്‍ ബോയ വച്ച് വളച്ച് കെട്ടാന്‍ ആര്‍ഡിഒ അനുമതി നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിനു മുന്നിലെ പ്രധാന ഗേറ്റിലും പാര്‍ക്കിംഗ് സ്ഥലത്തും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പ്പറത്തി അനുമതിയില്ലാതെ വ്യാപകമായി നികത്തിയെടുത്തത് ഏഷ്യാനെറ്റ്ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. അതോടൊപ്പം വലിയകുളം മുതല്‍ സീറോ ജെട്ടിവരെ റോഡിനും അനുമതി കിട്ടിയിരുന്നില്ല. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജില്ലാ കള്ക്ടര്‍ അന്വേഷണം നടത്തി.
അനധികൃത നിലം നികത്ത് നടന്നെന്നും അനുമതിയില്ലാതെയാണ് നെല്‍പാടത്ത് പാര്‍ക്കിംഗ് ഏരിയയും റോഡും നിര്‍മ്മിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. വയല്‍ നികത്താന്‍ ഏതെങ്കിലും അനുമതി വാങ്ങിയതായി കളക്ടര്‍ക്കും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് നടപടി എടുക്കാതിരിക്കണമെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അനുമതി ഹാജരാക്കാത്ത വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെടുകയായിരുന്നു.
ലേക്പാലസ് റിസോര്‍ട്ട് കമ്പനി നടത്തിയ അനധികൃത നിലം നികത്ത് മാത്രമാണ് പരിശോധിച്ചത്. കായല്‍ ബോയ വച്ച് വളച്ചുകെട്ടാന്‍ ആര്‍ഡിഒ ഉത്തരവ് നല്‍കിയിരുന്നു.കായലില്‍ ആരുടെയും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്നില്ലെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും കളക്ടര്‍ പറഞ്ഞു. ഒക്ടോബര്‍ നാലാം തീയ്യതിയും രേഖകള്‍ ഹാജരാക്കുന്നില്ലെങ്കില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് ജില്ലാ കള്കടര്‍ക്ക് കടുത്ത നടപടികളിലേക്ക് നീങ്ങാം. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ആലപ്പുഴ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
