Asianet News MalayalamAsianet News Malayalam

മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു: നടി ജയപ്രദ

സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി ജയ പ്രദ പറഞ്ഞു. മുംബൈയിൽ നടക്കുന്ന ക്വീന്‍സ്‌ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയപ്രദ. 

Thought Of Suicide After Morphed Pictures Went Viral in social media says Jaya Prada
Author
Uttar Pradesh, First Published Feb 2, 2019, 6:32 PM IST

മുംബൈ: മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ അമര്‍ സിംഗുമായി ചേർന്നുള്ള മോർഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ പ്രതികരിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയപ്രദ. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി ജയ പ്രദ പറഞ്ഞു. മുംബൈയിൽ നടക്കുന്ന ക്വീന്‍സ്‌ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയപ്രദ. 
 
അമര്‍ സിംഗിനെ ഗോഡ് ഫാദറായാണ് കാണുന്നത്. അമർ സിംഗ് ഡയാലിസിസ് ചികിത്സയിലിരിക്കെയാണ് അദ്ദേഹവുമായി ചേർന്നുള്ള വ്യാജ ചിത്രങ്ങൾ പ്രചരിച്ചത്. ആ സമയത്ത് ഒരുപാട് കരഞ്ഞു. എനിക്ക് ജീവിക്കണമെന്ന് തന്നെയുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാനാണ് എനിക്ക് തോന്നിയത്. എന്നെ സഹായിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ലെന്നും ജയപ്രദ പറഞ്ഞു. 

ആ സമയത്ത് അമര്‍ സിംഗ് മാത്രമാണ് തനിക്ക് പിന്തുണ നല്‍കിയത്. നിങ്ങൾ എന്താണ് അദ്ദേഹത്തെക്കുറിച്ച് കരുതുന്നത്? ഗോഡ് ഫാദര്‍ എന്നോ അല്ലെങ്കിൽ മറ്റാരെങ്കിലുമാണെന്നോ? ഞാൻ അദ്ദേഹത്തിന് രാഖി കെട്ടി കൊടുത്താൽ ആളുകൾ പറയുന്നത് നിർത്തുമോ? എന്തുതന്നെ ആയാലും ആളുകൾ എന്ത് പറയുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു.

അമർ സിംഗിനൊപ്പമുള്ള  വ്യാജ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ജയപ്രദയെ സമാജ്‍വാദി പാർട്ടിയിൽ പുറത്താക്കിയത്. ഉത്തർപ്രദേശിലെ രാംപൂരിൽനിന്ന് രണ്ട് തവണ ലോക്സഭയിലേക്ക് ജയപ്രദ  തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ജയപ്രദ അമര്‍ സിംഗിനൊപ്പം രാഷ്ട്രീയ ലോക് മഞ്ചിലാണ് പ്രവര്‍ത്തിക്കുന്നത്. 
 
അതേസമയം, സാജ്‌വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എംഎല്‍എയുമായ അസം ഖാനെതിരെ ഗുരുതര ആരോപണങ്ങളും ജയപ്രദ ഉന്നയിച്ചു. അസം ഖാൻ തനിക്ക് നേരെ ആസിഡ് ആക്രമണത്തിന് ശ്രമിച്ചതായി ജയപ്രദ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ് തനിക്ക് നേരെ ആസിഡ് ആക്രമണ ഭീഷണിയുണ്ടായത്. എന്നാൽ, താൻ ഇത് അമ്മയോടു പോലും തുറന്നു പറഞ്ഞിരുന്നില്ല. കാരണം, ഇതറിഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിക്കില്ലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരികെ വരുമെന്ന് ഒരിക്കൽ പോലും അമ്മയ്ക്ക് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും ജയപ്രദ പറഞ്ഞു.

Follow Us:
Download App:
  • android
  • ios