ചെന്നൈ: നിര്‍മ്മാതാവുമായി വിവാഹതേര ബന്ധം പുലര്‍ത്തുന്നതായി ആരോപിച്ച് നടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് നിര്‍മ്മാതാവിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് മുനിവേലിന്‍റെ ഡ്രൈവറായ ആന്തണി രാജ് നടി രാധയെയാണ് ഭീഷണിപ്പെടുത്തിയത്. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ രാധയെ ഫോണില്‍ വിളിച്ചത്. 

ഓഗസ്റ്റ് 21ന് രാധ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തടവുകാരന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് രാധ പരാതി നല്‍കിയത്. നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പുഴല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. 

എന്നാല്‍ രാധയ്ക്ക് ഭീഷണി കോള്‍ ലഭിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ വിളിച്ചത് സെന്‍ട്രല്‍ ജയിലില്‍ നിന്നല്ലെന്ന് വ്യക്തമാകുകയായിരുന്നു. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും രാധ പോലീസിന് കൈമാറിയിരുന്നു. 

രാധയുമായി മുനിവേല്‍ അവിഹിത ബന്ധം തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ദുഃഖിതയാണ്. ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധത്തെച്ചൊല്ലി അവര്‍ പതിവായി കരയാറുണ്ടെന്നും ആന്തണി പറഞ്ഞു. ഇതില്‍ ദുഃഖിതനായാണ് ഇരുവരുടെയും ബന്ധം അവസാനിപ്പിക്കുന്നതിന് ആന്തണി, രാധയെ ഭീഷണിപ്പെടുത്തിയത്.