എറണാകുളം: കൊച്ചിയില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പരാതിപ്പെട്ടതിന് പൊലീസ് വധഭീഷണി മുഴക്കുന്നെന്ന് കുടുംബം. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പനങ്ങാട് സ്വദേശി നസീറിന്റെ ഭാര്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ആരോപണ വിധേയനായ എസ്‌ഐയെ സ്ഥലം മാറ്റിയെന്ന് കമ്മീഷണര്‍ അറിയിച്ചു.

കൊച്ചി പനങ്ങാട് സ്വദേശി നസീര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ നസീറിനോട് കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഇതിനിതിരെ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് അടക്കം പരാതി നല്‍കിയതിന് പനങ്ങാട് പൊലീസ് വധഭീഷണി മുഴക്കുന്നെന്നാണ് നസീറിന്റെ കുടുംബത്തിന്റെ ആരോപണം.

പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ് പറഞ്ഞു. എന്നാല്‍ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കഞ്ചാവ് കൈവശം വച്ചതിനാണ് നസീറിനെ കസ്റ്റിഡിയിലെടുത്തതെന്നുമാണ് പനങ്ങാട് പൊലീസിന്റെ നിലപാട്.