അറസ്റ്റിലായത് രണ്ട് അധ്യാപകരും പരിശീലന കേന്ദ്രം ഉടമയും ചോദ്യപേപ്പര്‍ മൊബൈലില്‍ പകര്‍ത്തി പുറത്ത് വിട്ടു സിബിഎസ് ഇ ഉദ്യോഗസ്ഥനും അന്വേഷണപരിധിയില്‍

ദില്ലി: സിബിഎസ്‍ഇയുടെ ഇക്കണോമിക്സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ രണ്ട് അധ്യാപകരേയും ഒരു പരിശീലന കേന്ദ്രം ഉടമയേയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹരിയാനയിലെ സിബിഎസ്‍ഇയിലെ ഒരു ഉദ്യോഗസ്ഥനും അന്വേഷണ പരിധിയിലാണ്.

പന്ത്രണ്ടാം ക്ലാസ്സിലെ ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചേര്‍ന്ന കേസിലാണ് അറസ്റ്റ്. ദില്ലി ബവാനയിലെ മദര്‍ ഖസാനി കോണ്‍വെന്‍റ് സ്കൂളിലെ അധ്യാപകരായ റിഷാഭ്, രോഹിത് എന്നിവരും ഇവിടെത്തന്നെയുള്ള ഒരു പരിശീലന കേന്ദ്രത്തിന്‍റെ ഉടമയായ തൗഖീറുമാണ് അറസ്റ്റിലായത്.

ഇക്കണോമിക്സ് പരീക്ഷയുടെ ദിവസം രാവിലെ 9.15 ന് ഈ അധ്യാപര്‍ ചോദ്യപേപ്പറിന്‍റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് പരിശീലന കേന്ദ്രത്തിന്‍റെ ഉടമയ്ക്ക് അയച്ചു കൊടുത്തു. പിന്നീട് ചോദ്യങ്ങള്‍ വാട്സ് ആപ്പിലൂടെ ,വിദ്യാര്‍ഥികള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്ന് ജോയിന്‍റ് കമീഷണര്‍ ആര്‍ ആര്‍ ഉപാധ്യായ് അറിയിച്ചു

വിവിധ വാട്സ്‍ആപ്പ് ഗ്രൂപ്പുകളിലായി 915 വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യങ്ങള്‍ കണ്ടിരുന്നു. പത്ത് പരിശീലന കേന്ദ്രങ്ങളുടെ ഉടമകള്‍ ഉള്‍പ്പെടെ 60 പേരെ ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടേത് ഉള്‍പ്പെടെ 50 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ പല തലങ്ങളിലും മേഖലകളിലും ചോര്‍ച്ച സംഭവിച്ചു എന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഹരിയാനയിലെ സോണപ്പട്ടിലുള്ള സിബിഎസ്ഇയുടെ ഉദ്യോഗസ്ഥന് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്ന സുചനകള്‍ പൊലീസിന് ലഭിച്ചു. ഈ മേഖലയിലെ ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗ്സഥനാണിയാള്‍.ചോര്‍ന്ന് കിട്ടിയ ചില ചോദ്യപേപ്പറുകളുടെ രഹസ്യ ഏരിയാ കോഡ് സോണപ്പട്ടിന് കീഴിലുള്ളതാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗ്സഥനും അന്വേഷണപരിധിയിലുണ്ടെന്ന് കൈംബ്രാഞ്ച് അറിയിച്ചു. ഏഷ്യാനെറ്റ് ന്യസ് ദില്ലി