ചില കുടുംബപ്രശ്‌നങ്ങളും പ്രതികളിലൊരാള്‍ക്ക് ഷമീറിനോട് തോന്നിയ വ്യക്തി വൈരാഗ്യവുമാണ് സംഭവത്തലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ശേഷം പ്രതികള്‍ സ്ഥലം വിട്ടു.

പാലക്കാട്: വള്ളിക്കോട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുളള പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. മൂന്നുപേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്നലെ രാത്രിയാണ് മുട്ടിക്കുളങ്ങരയിലെ ഓട്ടോ ഡ്രൈവര്‍ ഷമീറിനെ വള്ളിക്കോട് പാറയ്ക്കലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഓട്ടോയില്‍ വരികയായിരുന്ന ഷമീറിനെ ഒരു സംഘം യുവാക്കള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഷമീറിന്റെ തലയിലും ദേഹത്തും മര്‍ദനമേറ്റ പാടുകളുണ്ട്. തടിക്കഷ്ണം, ഗ്രാനൈറ്റ് പാളി എന്നിവകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമായി പൊലീസ് കണക്കാക്കുന്നത്. ആക്രമണ വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും ഷമീറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ചില കുടുംബപ്രശ്‌നങ്ങളും പ്രതികളിലൊരാള്‍ക്ക് ഷമീറിനോട് തോന്നിയ വ്യക്തി വൈരാഗ്യവുമാണ് സംഭവത്തലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ശേഷം പ്രതികള്‍ സ്ഥലം വിട്ടു. ഇവര്‍ക്കായി അയല്‍ ജില്ലകളിലേക്കുള്‍പ്പെടെ പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.