നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാമഹനും രണ്ടു പതിറ്റാണ്ടിലേറെ രാജ്യത്തിന്‍റെ ഭാരണധികാരിയായി തുടരുകയും ചെയ്ത ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി എൺപത്തി നാലാമത്തെ വയസിൽ വിടവാങ്ങിയിരിക്കുന്നു. ഖത്തറിന്‍റെ സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിയിൽ നിർണായകമായിരുന്നു ശൈഖ് ഖലീഫയുടെ ഭരണകാലം.
അബ്ദുല്ല ബിൻ ജാസിം അൽതാനിയുടെ കൊച്ചുമകനായി 1932 ൽ ഖത്തർ രാജകുടുംബത്തിൽ ജനിച്ച ഷെയ്ഖ് ഖലീഫ വിദ്യാഭ്യാസ മന്ത്രിയും ധനകാര്യ മന്ത്രിയുമായി തുടർന്ന ശേഷം 1971 ൽ ബ്രിട്ടനുമായുള്ള കരാർ അവസാനിച്ച ശേഷമാണ് അമീറായി സ്ഥാനമേൽക്കുന്നത്.
എണ്ണയുത്പാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പുറമെ പ്രകൃതി വാതകത്തിന്‍റെ ഉത്പാദനത്തിലൂടെ രാജ്യത്തിനു ശക്തമായ സാമ്പത്തിക അടിത്തറയുണ്ടാക്കിയതോടോപ്പം ഖത്തർ എന്ന കൊച്ചു രാഷ്ട്രത്തെ ആധുനിക വത്കരിക്കുന്നതിൽ ശ്രദ്ധയൂന്നിയാണ് അദ്ദേഹം തന്റെ ഭരണകാലം പിന്നിട്ടത്.
പ്രകൃതിവാതക നിക്ഷേപത്തിൽ റഷ്യക്കും ഇറാനും പിന്നിൽ മൂന്നാം സ്ഥാനം കയ്യടക്കിയ രാജ്യം ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രങ്ങളുടെ മുൻ നിരയിലേക്കെത്താൻ കാരണമായത് ഷെയ്ഖ് ഖലീഫയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇത്തരം നടപടികളായിരുന്നു. 1984 ൽ അദ്ദേഹം ഇന്ത്യയിലും സന്ദർശനം നടത്തിയിരുന്നു. 1995 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷെയ്ഖ് ഖലീഫ വിശ്രമ ജീവിതം നയിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടർന്ന് ഖത്തറിൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ദേശീയ പതാക താഴ്ത്തി കെട്ടിയിട്ടുണ്ട്.മൂന്നു ദിവസം മറ്റെല്ലാ ഔദ്യോഗിക പരിപാടികളും റദ്ധാക്കിയിട്ടുണ്ട്. അതേസമയം ഓഫീസുകളും വിദ്യാലയങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കും.
