ഇന്ന് പുലര്‍ച്ചെയായാണ് സാംബ ജില്ലയിലെ രംഗഢ് മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകളേയും നാട്ടുകാരേയും ലക്ഷ്യമാക്കി പാകിസ്ഥാന്‍ സൈന്യം വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ആക്രമണത്തില്‍ മരിച്ചു. ജേര്‍ദ ഗ്രാമത്തില്‍ അടുക്കളയില്‍ പതിച്ച ഷെല്‍ പൊട്ടിത്തെറിച്ചാണ് 18 കാരി രവീന്ദര്‍ കൗര്‍ മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു.
ആര്‍എസ് പുരയിലെ അര്‍ണിയ മേഖലയിലും റജൗരിയിലെ നൗഷേര മേഖലയിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബന്ധിപ്പോരയിലെ അജാര്‍ ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. ഒളിച്ചിരിക്കുന്ന മൂന്ന് ലഷ്‌കര്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അതിനിടെ ചാരപ്രവര്‍ത്തനം നടത്തിയതില്‍ പങ്കാളിയായ നാല് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ സ്ഥാനപതി കാര്യാലയം തിരിച്ച് വിളിച്ചേക്കും. പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അനഭിമതനായി പ്രഖ്യാപിച്ച് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന്‍ സ്ഥാനപതികാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിന്റെ പങ്കാളികളേയാണ് തിരിച്ച് വിളിക്കുന്നത്.
