കുവൈത്ത്: കുവൈത്തില്‍ റിക്രൂട്ട്‌മെന്റ് എജന്റിന്റെ തട്ടിപ്പിന് ഇരയായ മൂന്ന് മലയാളി സ്ത്രീകള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. നാട്ടിലേക്ക് മടങ്ങാന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. തിരുവനന്തപുരം സ്വദേശിനി അനില, പുനലൂര്‍ സ്വദേശിനി ദീപ, അടൂര്‍ സ്വദേശിനി സെലീന എന്നിവരാണ് ശമ്പളം നല്‍കുന്നില്ലെന്നും ദേഹോദ്രപം ഏല്‍പ്പിച്ചെന്നുമുള്ള പരാതിയുമായി എംബസിയിലെത്തിയത്. 

ഹവല്ലി കേന്ദ്രീകരിച്ച് ഗാര്‍ഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ മലയാളി ഏജന്റായാ ജാബറും കൂടെയുള്ള സ്ത്രീയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ഇവരുടെ പരാതി. ഡിസംബര്‍, ജനുവരി മാസങ്ങളിലായിട്ടാണ് മൂവരും കുവൈത്തില്‍ എത്തിയത്. നിലവിലെ സാഹചര്യത്തില്‍ കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ജാബറിനെ എംബസിയില്‍ വിളിപ്പിച്ചിട്ടുണ്ട്.