Asianet News MalayalamAsianet News Malayalam

ട്രാഫിക് പൊലീസിലേക്ക് വ്യാജ റിക്രൂട്ട്മെന്‍റ്; സ്ത്രീകളടങ്ങുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയിൽ

കേരള പൊലീസിന്‍റെ ട്രാഫിക് വിഭാഗത്തിലേക്കെന്ന വ്യാജേന റിക്രൂട്ട്മെന്‍റും പരിശീലനവും നടത്തിയിരുന്ന ഒമ്പതംഗ സംഘത്തിലെ മൂന്നു പേർ പിടിയിൽ. കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോൾ (29) എന്നിവരെയാണ് വ്യാജ റിക്രൂട്ട്മെന്റിനിടെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

three people arrested for fake recruitment
Author
Kottayam, First Published Nov 10, 2018, 11:54 AM IST

കോട്ടയം: കേരള പൊലീസിന്‍റെ ട്രാഫിക് വിഭാഗത്തിലേക്കെന്ന വ്യാജേന റിക്രൂട്ട്മെന്‍റും പരിശീലനവും നടത്തിയിരുന്ന ഒമ്പതംഗ സംഘത്തിലെ മൂന്നു പേർ പിടിയിൽ. കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോൾ (29) എന്നിവരെയാണ് വ്യാജ റിക്രൂട്ട്മെന്റിനിടെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നു സ്ത്രീകൾ അടക്കം ആറുപേർ ഒളിവിലാണ്. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. 

പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തട്ടിപ്പ് കഥ വിവരിക്കുന്നത് ഇങ്ങനെ:

ട്രാഫിക് പൊലീസിലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടുവാക്കുളത്തെ സ്വകാര്യ സ്കൂളിൽ പൊലീസ് വേഷത്തിൽ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്ട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്കൂൾ അധികൃതർ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപയാണ് ഒരാളിൽ നിന്ന് സംഘം ഫീസായി ഈടാക്കിയത്. പാമ്പാടിയിലെ സ്കൂളിൽ റിക്രൂട്ട്മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലാത്തതിനെ തുടർന്നാണത്രേ കടുവാക്കുളം സ്കൂളിലെത്തിയത്. 

പിഎസ്‌സി പരീക്ഷയ്ക്കു സമാനമായി ഒഎംആർ ഷീറ്റുകളിലായിരുന്നു പരീക്ഷ. ഇതില്‍ നിന്ന് 14 പേരെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവർക്കായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കായിക പരിശീലനവും സംഘടിപ്പിച്ചു. യൂണിഫോമിനെന്ന പേരിൽ ഒരാളിൽ നിന്ന് 3000 രൂപയും വാങ്ങി. ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്. പരിശീലന ദിവസങ്ങളിൽ സംഘത്തിലുള്ളവര്‍ പൊലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു.

സംഘത്തിലൊരാൾ ഡിഐജിയാണെന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞിരുന്നത്. മറ്റുള്ളവർ എസിപിയും സിഐയും എസ്ഐമാരും. സ്ത്രീകളും പൊലീസ് യൂണിഫോമാണ് ഉപയോഗിച്ചിരുന്നത്. പൊലീസിന്റെ വേഷമിട്ടു വന്ന സംഘാംഗങ്ങൾ പൊലീസിന്റെ പെരുമാറ്റ രീതികളും അഭിനയിച്ചു. മേലുദ്യോഗസ്ഥരുടെ വേഷമിട്ടവരെ കൃത്യമായി സല്യൂട്ടടിക്കുക പോലും ചെയ്തു. ഇതൊക്കെ കണ്ടതോടെ പാവം ഉദ്യോഗാർഥികളും കെണിയിൽ വീണു. പെൺകുട്ടികൾ അടക്കമുള്ളവർ പരീക്ഷയെഴുതാൻ എത്തിയിരുന്നു.

സാധാരണക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റർ പാഡ്, സീൽ അങ്ങിനെ അങ്ങിനെ. വ്യാജ 'എ.എസ്.പി'യായിരുന്നു ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്സിന്റെ മേധാവി. പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളിൽ ഇടയ്ക്ക് ബീക്കൺ ലൈറ്റ് വച്ച വാഹനത്തിൽ എ.എസ്.പി 'മിന്നൽ' സന്ദർശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ 'സി.ഐ'മാരും'എസ്.ഐ'മാരും ഓടി വന്നു സല്യൂട്ട് ചെയ്യും.

ഓരോ പ്രദേശത്തും റിക്രൂട്ട്‌മെന്റ് നടത്തും മുൻപ് പ്രദേശവാസികളിൽ ഒരാളെ സഹായിയായി കൂട്ടും. അയാളുടെ ബന്ധുക്കൾക്ക് ജോലി വാഗ്ദാനം ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നത്. വ്യാജലെറ്റർ പാഡിൽ തലസ്ഥാന നഗരത്തിന്റെ പേരുപോലും തെറ്റായാണ് അടിച്ചിരുന്നത്.അതുപോലും ഉദ്യോഗാർത്ഥികൾ ശ്രദ്ധിച്ചില്ല.

ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായി. യഥാർത്ഥ പൊലീസ് എത്തുമ്പോൾ കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് മൂന്ന് യുവതികൾ അടക്കം പതിനഞ്ചു പേർ പൊലീസാകാനുള്ള കഠിന പരിശീലനത്തിലായിരുന്നു.റിക്രൂട്ട്മെന്റ് നടക്കുന്ന വിവരമറിഞ്ഞെത്തി പൊലീസ് നാലു ഭാഗത്തുനിന്ന് ഗ്രൗണ്ട് വളഞ്ഞാണു മൂന്നു പേരെ പിടികൂടിയത്. ഇവർക്കെതിരെ ആലപ്പുഴ ജില്ലയിലും കേസുണ്ടെന്നു പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശത്തെത്തുടർന്ന് ഈസ്റ്റ് സിഐ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കുടുക്കിയത്.

ചിത്രം കടപ്പാട്: കേരളാ പൊലീസ് ഫേസ്ബുക്ക് പേജ്

Follow Us:
Download App:
  • android
  • ios