തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ മേരി തോമസ് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി. സിപിഐയിലെ ഷീല വിജയകുമാര്‍ രാജിവച്ച ഒഴിവില്‍ നടന്ന വോട്ടെടുപ്പില്‍ മേരി തോമസിന് 20 വോട്ട് ലഭിച്ചു. ഒമ്പത് അംഗമുള്ള യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ഇ.എ.ഓമനയ്ക്ക് എട്ട് വോട്ടായിരുന്നു കിട്ടിയത്. അസുഖം മൂലം കോണ്‍ഗ്രസിലെ കല്യാണി എസ് നായര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ എത്തിയിരുന്നില്ല. അതിനിടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നില്ലെന്ന ആക്ഷേപം യുഡിഎഫില്‍ നിന്നുതന്നെയുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമാണ് വടക്കാഞ്ചേരി ഡിവിഷനെ പ്രതിനിധീകരിക്കുന്ന മേരി തോമസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസിലെ അനില്‍ അക്കരയോട് 18 വോട്ടുകള്‍ക്കാണ് മേരി തോമസ് പരാജയപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഷീല വിജയകുമാര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഇനിയുള്ള മൂന്ന് വര്‍ഷവും സിപിഎമ്മിനാണ് പ്രസിഡന്റ് പദവി.
