തൃശൂര്‍: നെല്ലുവായ് ഗ്രാമത്തിലെ ആയൂര്‍വേദ ഭഗവാനായ ശ്രീരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശ്രീ ധന്വന്തരി ക്ഷേത്രം. വൈകുണ്ഠ ഏകാദശി ആഘോഷത്തിന്‍റെ പ്രസന്നദയിലാണിപ്പോള്‍ നെല്ലുവായ് ഗ്രാമം. എന്നാല്‍ വൈകുണ്ഠ ഏകാദശിക്ക് കുളിച്ച് തൊഴാന്‍ എത്തിയിരുന്ന കൊച്ചി രാജാവിനും കുടുംബാംഗങ്ങള്‍ക്കും വിശ്രമിക്കാന്‍ വേണ്ടി പഴവൂര്‍ പുഴയുടെ സമീപത്ത് നിര്‍മ്മിച്ച കോവിലകം ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്. ഇപ്പോള്‍ ഇതുകണ്ടാല്‍ ആരും ചോദിച്ചുപോകും ഇതായിരുന്നോ കൊച്ചിരാജാവിന്‍റെ കോവിലകമെന്ന്.

രാജഭരണകാലത്തിന്‍റെ പ്രതാപം പേറി തലയുയര്‍ത്തി നിന്നിരുന്ന പഴവൂര്‍ കോവിലകം പൂര്‍ണമായും നശിച്ചിരിക്കുന്നു. ഏറെ കാലം പഴവൂരിലെ ഈ ചരിത്രസ്മാരകം ഹജൂര്‍ കച്ചേരിയായി പ്രവര്‍ത്തിച്ചു. ആര് സംരക്ഷിക്കുമെന്ന നിശ്ചയം ഭരണത്തലവന്മാര്‍ക്കില്ലാതെ പോയതോടെ കെട്ടിടം ഈ നിലയ്ക്ക് തകര്‍ന്ന് മണ്ണടിയുകയാണ്. ശേഷിക്കുന്ന അവസാന ചുവരും തൂണും തുലാമഴ തീരും മുമ്പേ മണ്ണടിയും. 

ഒന്നര നൂറ്റാണ്ട് മുമ്പാണ് കൊച്ചി രാജകുടുംബം പഴവൂര്‍ കോവിലകം നിര്‍മ്മിച്ചത്. ചുറ്റുമതിലിനുള്ളില്‍ ഗസ്റ്റ് ഹൗസ് മാതൃകയില്‍ തേക്കും വീട്ടിയും ചെങ്കല്ലും ഉപയോഗിച്ച് മനോഹരമായിരുന്നു കോവിലകം. ഇരു നിലകെട്ടിടത്തിനുള്ളില്‍ നടുത്തളവും മരത്തിന്‍റെ മച്ചും ഭിത്തികളുമുള്ള മുറികളും അടുക്കളയും ഉണ്ടായിരുന്നു. 

രാജാവിനും പരിവാരങ്ങള്‍ക്കും പുഴ മുറിച്ച് കടക്കാന്‍ വേണ്ടിയാണ് ബ്രീട്ടീഷ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ കോവിലകത്തിനടുത്ത് പഴവൂര്‍ പാലവും നിര്‍മ്മിച്ചു. രാജാവിന്‍റെ സന്ദര്‍ശന വേളകളില്‍ മുഖം കാണിക്കാന്‍ നാട്ടുപ്രമാണിമാരും അധികാരികളും ഇവിടെ എത്തിയിരുന്നു. അക്കാലത്തുതന്നെ നികുതി പിരിവിനും തര്‍ക്കപരിഹാര കോടതിയായും ഉപയോഗപ്പെടുത്തിയിരുന്നതിനാലാണ് കോവിലകം ഹജൂര്‍ കച്ചേരിയെന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. 

രാജഭരണം അവസാനിച്ചതോടെ റവന്യൂ വകുപ്പിന്‍റെ ചുമതലയിലായ കച്ചേരി കെട്ടിടം കുറച്ചുകാലം നെല്ലുവായ്-കരിയന്നൂര്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസായും പ്രവര്‍ത്തിച്ചു. വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ റവന്യൂ വകുപ്പ് കച്ചേരി കെട്ടിടം സംരക്ഷിക്കാന്‍ തയ്യാറായില്ല. യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താതിരുന്നതിനാല്‍ മേല്‍ക്കൂര ചിതലരിച്ചും ഓടുകള്‍ പൊട്ടി ചുമരുകള്‍ മഴനനഞ്ഞും കെട്ടിടം തകര്‍ന്ന് നിലംപൊത്തുകയായിരുന്നു.

കെട്ടിടത്തിലെ വിലകൂടിയ മര ഉരുപ്പടികളും ഫര്‍ണിച്ചറും മോഷണം പോയെന്നാണ് സര്‍ക്കാര്‍ രേഖ. കാലപഴക്കം ചെന്ന കണക്കില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് പഴയകാല പ്രതാപത്തിന്‍റെ സ്മരണയുയര്‍ത്തി നിന്നിരുന്ന പഴവൂര്‍ കച്ചേരി കെട്ടിടം കാലയവനികയ്ക്കുള്ളില്‍ മറയുകയാണ്.