അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷയിൽ മനസു നിറച്ച് പൂരപ്രേമികളുടെ മടക്കമാരംഭിച്ചു.
തൃശ്ശൂർ: വടക്കുംനാഥന്റെ തട്ടകത്തെ ആവേശം കൊള്ളിച്ച് മറ്റൊരു തൃശ്ശൂർ പൂരത്തിന് കൂടി കൊടിയിറങ്ങി. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. അടുത്ത പൂരം 2019 മെയ് 19-ന് നടക്കും.
ശക്തന്‍റെ തട്ടകവാസികളുടെ പൂരമായിരുന്നു ഇന്നത്തേത്. രാവിലെ മണികണ്ഠനാല്‍ പരിസരത്തുനിന്നും പാറമേക്കാവിന്‍റെയും നായ്ക്കനാല്‍ പരിസരത്തുനിന്നും തിരുവമ്പാടിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നള്ളത്ത്.
പിന്നെ ഉപചാരം ചൊല്ലാന്‍ നേരമായി. ഇരു ഭഗവതിമാരും ശ്രീമൂല സ്ഥാനത്ത് നിലയുറപ്പിച്ച് അടുത്ത കൊല്ലം കാണാമെന്ന ഉറപ്പില്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൊട്ടുപിന്നാലെ പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും പകല്‍ വെടിക്കെട്ട് ആരംഭിച്ചു. ശേഷം അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷയിൽ മനസു നിറച്ച് പൂരപ്രേമികളുടെ മടക്കമാരംഭിച്ചു.
