പുലിപ്പേടിയില്‍ ഇടുക്കി മൂലക്കയം നിവാസികള്‍ ഭീതിയോടെ 40 കുടുംബങ്ങള്‍ പരിശോധന ശക്തമാക്കുമെന്ന് വനംവകുപ്പ് വേണ്ടിവന്നാല്‍ കൂടും സ്ഥാപിക്കും
കട്ടപ്പന: പുലിപ്പേടിയില് ഇടുക്കി മൂലക്കയം നിവാസികള്. പ്രദേശത്ത് വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി കടിച്ചുകൊന്നു. ഇവിടുത്തെ നാട്ടുകാർ വീടിനുപുറത്തിറങ്ങാന്പോലും പേടിക്കുകയാണ്.
പെരിയാർ കടുവാസങ്കേതത്തോട് ചേർന്ന വണ്ടിപ്പെരിയാറിലെ മൂലക്കയത്താണ് പുലിയുടെ സാന്നിധ്യം കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ വീടിനുമുന്നില് കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നത്. ഒരു കാല് പൂർണമായും കടിച്ചെടുത്ത നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ കണ്ട കാല്പ്പാടുകള് പുലിയുടേതാകാന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടെ പ്രദേശവാസികള് ഭീതിയിലായി.
സമീപ പ്രദേശങ്ങളായ കുരിശുംമല, കൊല്ലംപട്ടട, ഹോളിഡേ ഹോം എന്നിവിടങ്ങളില് മുന്പ് പലതവണ പുലിയിറങ്ങിയിട്ടുണ്ട്. സ്ഥലത്ത് പരിശോധന ശക്തമാക്കുമെന്നും നിരീക്ഷണക്യാമറകള് സ്ഥാപിക്കുമെന്നും വനംവകുപ്പധികൃതർ അറിയിച്ചു.
