യവത്മാലിൽ പ്രമുഖ വ്യവസായിയായ അനില്‍ അംബാനിയുടെ പദ്ധതി നടപ്പിലാക്കുന്നതിന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ അവനിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് താക്കറെ ആരോപിച്ചു. 

മുംബൈ: അവനി എന്ന കടുവയെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കൂടുതൽ ആരോപണവുമായി മഹാരാഷ്ട്ര നവ്‍നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്ത്. യവത്മാലിൽ പ്രമുഖ വ്യവസായിയായ അനില്‍ അംബാനിയുടെ പദ്ധതി നടപ്പിലാക്കുന്നതിന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ അവനിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് താക്കറെ ആരോപിച്ചു. 

എന്നാല്‍ യവത്മാലില്‍ തങ്ങള്‍ക്ക് അങ്ങനെയൊരു പുതിയ പദ്ധതി ഇല്ലെന്ന് റിലയന്‍സ് പ്രതികരിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കടുവ കൊല്ലപ്പെട്ടതിന് വളരെ അകലെയായി പദ്ധതി തുടങ്ങുന്നതിന് നിർദ്ദേശിച്ചിരുന്നതായി ജില്ലാ അധികാരികള്‍ പറഞ്ഞു. എന്നാല്‍ കടുവ കൊല്ലപ്പെട്ടതും റിലയന്‍സിന്റെ പദ്ധതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ജില്ലാ അധികാരികള്‍ വ്യക്തമാക്കി.

അനില്‍ അംബാനിയുടെ പ്രോജക്ടിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അവനിയെ കൊലപ്പെടുത്തിയതെന്നാണ് മനസ്സിലാക്കുന്നതെന്നും സര്‍ക്കാര്‍ മനഃസാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്നും താക്കറെ ആരോപിച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ സങ്കടമുണ്ട്. എന്നാൽ ഇത് ലോകം മുഴുവനും നടക്കുന്ന കാര്യമാണ്. കാട്ടിൽ അതിക്രമിച്ച് കയറുമ്പോഴും വന്യജീവികൾക്ക് ഉപദ്രവകരമായ കാര്യങ്ങൾ ചെയ്യുമ്പോഴുമാണ് അവ മനുഷ്യനെ ആക്രമിക്കുക. അതിന് കടുവയെ കൊല്ലേണ്ട കാര്യമില്ലായിരുന്നു. അതിനെ മയക്കി കിടത്തി കൊണ്ടു പോയാൽമതിയായിരുന്നു. വനംവകുപ്പ് മന്ത്രി തന്റെ മന്ത്രിസ്ഥാനം അപകടത്തിലാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും താക്കറെ പറഞ്ഞു. 

മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അവനിയെ വെടിവെച്ചു കൊന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യവത്മാല്‍ മേഖലയില്‍ വെച്ചാണ് അവനിയെ വെടിവെച്ചു കൊന്നത്. സെപ്തംബറില്‍ അവനിയെ വെടിവച്ച് കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉപദ്രവകാരിയായ നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു ഉത്തരവ്. പ്രശസ്ത കടുവാപിടിത്തക്കാരന്‍ ഷാഫത്ത് അലി ഖാന്റെ പുത്രന്‍ അസ്ഗര്‍ അലിയാണ് കടുവയെ വെടിവെച്ചുകൊന്നത്. 

തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി മേഖലയാണ് ടി1 എന്ന ഔദ്യോഗിക പേരില്‍ അറിയപ്പെടുന്ന അവനിയുടെ വിഹാര കേന്ദ്രം. മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിലാണ് ഈ വനമേഖല. അവനിയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി അധികൃതര്‍ കാടിളക്കി അന്വേഷണം നടത്തുകയായിരുന്നു. ട്രാപ് ക്യാമറകള്‍, ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്. ഇതുകൂടാതെ പരിശീലനം ലഭിച്ച നായകള്‍, 150 ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ആനകള്‍ എന്നിവയെയും അന്വേഷണത്തിനായി ഉപയോഗിച്ചിരുന്നു.

പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് അവനിയെന്നും അതുകൊണ്ട് കടുവയെ കൊല്ലാതെ ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവര്‍ത്തകന്‍ ജെറി എ ബനൈറ്റ് സെപ്തംബര്‍ 11ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി നിരാകരിച്ച സുപ്രീം കോടതി കടുവയെ കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.

അതേസമയം വനംവകുപ്പ് അവനിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രമന്ത്രി മനേക ഗാന്ധിയും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. അവനി ദാരുണമായി കൊലചെയ്യപ്പെട്ടുവെന്നും സംസ്ഥാന വനവകുപ്പു മന്ത്രി സുധീര്‍ മുന്‍ഗംടിവാര്‍ രാജിവയ്ക്കണമെന്നും മനേക ആവശ്യപ്പെട്ടു. എന്നാല്‍ കടുവയെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ തന്റെ രാജി തേടിയ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് ആദ്യം രാജിവെയ്‌ക്കേണ്ടതെന്നു മസുധീര്‍ മുന്‍ഗന്‍തിവാര്‍ തിരിച്ചടിച്ചിരുന്നു. പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മനേകയ്ക്കാണെന്നും അതിനാല്‍ രാജിവെയ്ക്കണമെന്നുമാണ് സുധീര്‍ മുന്‍ഗന്‍തിവാര്‍ ആവശ്യപ്പെട്ടത്.