രാവിലെ എട്ടുമണിയോടെ സംസ്ഥാന പാതയില്‍ താമരശ്ശേരി മൂന്നാംതോട് ജംഗ്ഷനിലായിരുന്നു അപകടം. മുക്കത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്ക് മെറ്റലുമായി പോവുകയായിരുന്ന ടിപ്പറും പരപ്പന്‍പൊയിലിലേക്ക് പോവുകയായിരുന്ന ഗുഡ്‌സ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ പരപ്പന്‍പൊയിലിലെ വാടക സ്റ്റോര്‍ ജീവനക്കാരായ കരുണിച്ചാലില്‍ അബ്ദുല്‍ മജീദ്, ജീനാംതൊടുകയില്‍ സലീം, കൂടത്തമ്പലത്ത് മുഹമ്മദലി എന്നിവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ മജീദിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.