1800 പഞ്ചായത്തുകളിൽ ത്രിണമൂൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. 100 ഇടത്ത് ബിജെപിയും മുപ്പത് പഞ്ചായത്തുകളിൽ സിപിഎമ്മും ലീഡ് ചെയ്യുന്നു.
കൊല്‍ക്കത്ത:പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ, ആദ്യം പുറത്തുവന്ന ഫലങ്ങൾ ഭരണകക്ഷിയായ ത്രിണമൂൽ കോൺഗ്രസിന് അനുകൂലം.
ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ലഭ്യമായ ഫലം അനുസരിച്ച് 1800 പഞ്ചായത്തുകളിൽ ത്രിണമൂൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. 100 ഇടത്ത് ബിജെപിയും മുപ്പത് പഞ്ചായത്തുകളിൽ സിപിഎമ്മും ലീഡ് ചെയ്യുന്നു.
ഗ്രാമപഞ്ചായത്തുകൾക്ക് ശേഷമാണ് പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തുകളിലേക്കുമുള്ള വോട്ടുകൾ എണ്ണുന്നത്. പലയിടത്തും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പ്രതിപക്ഷ പാർട്ടി സ്ഥാനാർത്ഥികളേയും ഏജന്‍റുമാരേയും തൃണമൂൽ പ്രവർത്തകർ ആക്രമിച്ച് പുറത്താക്കിയെന്ന് ആരോപണമുണ്ട്.
825 ജില്ലാ പരിഷത്തുകളിലേക്കും 330 പഞ്ചായത്ത് സമിതികളിലേക്കും 3254 ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മുപ്പത് ശതമാനം സീറ്റുകളിലും തൃണമൂല്‍ കോൺഗ്രസ് എതിരില്ലാതെ ജയിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചതിനാൽ വോട്ടെണ്ണൽ സാവധാനമാണ് പുരോഗമിക്കുന്നത്.
