ചെന്നൈ: തമിഴ്‌നാട് നിയമസഭ ജല്ലിക്കട്ട് ബില്‍ പാസാക്കി. ഇന്നു വൈകുന്നേരം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനമാണ് ജല്ലിക്കട്ട് ബില്‍ പാസാക്കിയത്. സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ചിരുന്നു. ഇത് മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുന്നിരുന്നു. ഇതിന്റെ ഭാഗമായി ജല്ലിക്കട്ട് നടത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രതിഷേധം തുടരുകയും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ തടയുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നു പ്രത്യേക നിയമസഭ വിളിച്ചുകൂട്ടി ജല്ലിക്കട്ട് ബില്‍ തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയത്.

ജല്ലിക്കട്ട് പ്രക്ഷോഭം നടന്ന മെറീന ബീച്ചില്‍ ഇന്നു രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടി സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതേത്തുടര്‍ന്ന്, ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടയില്‍ സമരക്കാര്‍ ചെന്നൈയിലെ ഐസ് ഹൗസ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിട്ടു. പൊലീസ് സ്റ്റേഷന് പുറത്ത് പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്ക് ഇരയാക്കി. ജല്ലിക്കട്ട് സമരക്കാരുമായി മധുരയിലും പൊലീസ് ഏറ്റുമുട്ടി. സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പ്രശ്‌നം രൂക്ഷമായതോടെയാണ് പ്രത്യേക നിയമസഭ വിളിച്ചുകൂട്ടി ജല്ലിക്കട്ട് ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.