ഇന്ത്യയുടെ എതിര്‍പ്പ് വകവയ്‌ക്കാതെ വിദേശികള്‍ക്കുള്ള എച്ച് വണ്‍ ബി പ്രീമിയം വിസ നല്‍കുന്നത് അമേരിക്ക ആറ് മാസത്തേയ്‍ക്കു നിര്‍ത്തിവച്ചു. തീരുമാനം ഇന്ത്യന്‍ കമ്പനികളേയും അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികളേയും ബാധിക്കും.

അമേരിക്കയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് എച്ച് വണ്‍ ബി വിദേശ തൊഴില്‍ വിസ നല്‍കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ ആറ് മാസത്തേയ്‍ക്കു നിര്‍ത്തിയത്. പണം അടച്ച് വേഗത്തില്‍ കിട്ടുന്ന പ്രീമിയം വിസകള്‍ക്കുള്ള അപേക്ഷ പരിഗണിക്കുന്നതാണ് നിര്‍ത്തിയത്. എച്ച് വണ്‍ ബി വിസ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല. വിദേശികളെ ഒഴിവാക്കി അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇന്ത്യക്കാരുള്‍പ്പെടെയുള്ള 70 ശതമാനം വിദേശികള്‍ക്കും അമേരിക്കയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന എച്ച് വണ്‍ ബി തൊഴില്‍ വിസയ്‌ക്കാണ് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയത്. കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതുകാരണം പരിഗണിക്കാന്‍ കഴിയാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതിന് ഇത് സഹായിക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസണ്‍സിഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍സ് അറിയിച്ചു. വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിന്‍റെ അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് നടപടി. സന്ദര്‍ശനത്തിനിടെ എച്ച് വണ്‍ ബി വിസ നല്‍കുന്നത് തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് തീരുമാനം. തീരുമാനം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും അമേരിക്കയില്‍ ജോലി തേടുന്ന വിദേശികള്‍ക്കും തിരിച്ചടിയാകും. സെനറ്റില്‍ എച്ച് 1 ബി വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ പരിഗണനയില്‍ വന്നപ്പോള്‍ തന്നെ ഇന്ത്യന്‍ കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരി വില ഇടിഞ്ഞിരുന്നു.