അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്‍തു. വിജിലന്‍സിന്‍റെ കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ നീണ്ടു. സ്വത്ത് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും വിജിലന്‍സിനെ ബോധ്യപ്പെടുത്തിയെന്നും തന്‍റെ നിരപരാധിത്വം തെളിയുമെന്നും ടോം ജോസ് പ്രതികരിച്ചു.

ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് ടോം ജോസ് സമ്പാദിച്ചുവെന്നായിരുന്നു വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോക്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ടോം ജോസിന്‍റെ കൊച്ചിയിലെയും തിരുവനന്തപുരത്തേയും വീടുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലം ഇരിഞ്ഞാലക്കുടയിലെ ഭാര്യവീട്ടിലും വിജിലന്‍സ് റെയ്‍ഡ് നടത്തി. ഇവിടെ നിന്നു ലഭിച്ച രേഖകളുടെ പരിശോധനകള്‍ പൂര്‍‍ത്തിയായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. അഭിഭാഷകനോടൊപ്പം എത്തിയ ടോം ജോസിനെ രാവിലെ ഡിവൈഎസ്‍പി വേണുഗോപാല്‍ പതിനൊന്ന് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ ചോദ്യം ചെയ്‍തു. തന്‍റെ സ്വത്ത് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും വിജിലന്‍സിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നായിരുന്നു ടോം ജോസിന്റെ പ്രതികരണം.

കേസിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യങ്ങളാണെന്നും ഇക്കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും ടോം ജോസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ കര്‍ഷകന്‍റെ രേഖകള്‍ ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ അപാകതയില്ലെന്നും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണിതെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് ടോം ജോസ് മറുപടി നല്‍കി.