എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പിന്‍വലിക്കാന്‍ പരാതിക്കാരന് ഭീഷണി. കേസില്‍ നിന്ന് പിന്‍മാറാന്‍ തച്ചങ്കരി അഭിഭാഷകന്‍ വഴി ആവശ്യപ്പെട്ടെന്ന് പരാതിക്കാരനായ പി ഡിജോസഫ് ആരോപിച്ചു. കുടുംബവീട്ടില്‍ കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ പി ഡിജോസഫ് മൊഴി നല്‍കി.

2001ല്‍ സിംഗപ്പൂരില്‍ നിന്ന് അനധികൃതമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് ടോമിന്‍ തച്ചങ്കരിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. മൂവാറ്റുപുഴ കോടതിയിലുള്ള കേസില്‍ കുറ്റപത്രം വായിച്ചു കേള്‍ക്കാനിരിക്കേയാണ് പിന്മാറാന്‍ സമ്മര്‍ദ്ദവുമായി തച്ചങ്കരി അഭിഭാഷകന്‍ വഴി പിഡി ജോസഫിനെ സമീപിച്ചത്. തൃശൂരില്‍ തച്ചങ്കരിയുടെ അഭിഭാഷകന്‍റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത്.

കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി തച്ചങ്കരിക്കെതിരെ തൃശൂര്‍ ജുഡിഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ പിഡി ജോസഫ് കേസ് ഫയല്‍ ചെയ്തു. തച്ചങ്കരിയുടെ കുടുംബവീട്ടിലേക്ക് വിളിച്ചു വരുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പിഡി ജോസഫ് മൊഴി നല്‍കിയിട്ടുണ്ട്. പതിനേഴ് വര്‍ഷത്തിനിടെ നിരവധി തവണ തച്ചങ്കരിയില്‍ നിന്ന് ഭീഷണിയുണ്ടായതായും പിഡി ജോസഫ് പറയുന്നു. പരാതി പിന്‍വലിപ്പിച്ച് കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. പി ഡി ജോസഫിന്‍റെ മൊഴി രേഖപ്പെടുത്തിയ കോടതി ആഗസ്റ്റ് മൂന്നാം തിയ്യതി കേസ് പരിഗണിക്കും.