ശ്രീനഗര്‍: ജമ്മുകശ്മീരിൽ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍റെ ബന്ദുവടക്കം ആറ് ഭീകരരെ സൈന്യം വധിച്ചു. ഭീകരാക്രമണത്തിൽ ഒരു വ്യോമസേന കമാൻ‍ഡോ മരിച്ചു.  രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

വടക്കൻ കശ്മീരിലെ ബന്ദിപ്പോരയിലെ ഹാജിനിൽ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. ചന്ദര്‍ഗീര്‍ ഗ്രാമത്തിൽ ഭീകരര്‍ ഒളിച്ചിരുന്ന വീട് വളഞ്ഞ സിആര്‍പിഎഫ്-പൊലീസ്-രാഷ്ട്രീയ റൈഫിൾസ് സംഘത്തെ വെടിവച്ചവരേയാണ് സുരക്ഷാ സേന നേരിട്ടത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ സഖീഉര്‍ റഹ്മാൻ ലഖ്‍വിയുടെ മരുമകനും ജമാഅത്തുദ്ദഅ്‍വ നേതാവ് ഹാഫിസ് റഹ്മാൻ മക്കിയുടെ മകനും കൊല്ലപ്പെട്ടു.

ഭീകരാക്രമണത്തിൽ  സൈനിക നടപടിയിൽ പങ്കെടുത്ത ഒരു എയര്‍ഫോഴ്സ് കമാൻഡോ മരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്‍റര്‍നെറ്റ് ബന്ധം റദ്ദാക്കി ഗ്രാമത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷമായിരുന്നു സൈനിക നടപടി.   അതിനിടെ ഭീകരവാദം ഉപേക്ഷിച്ച് ലഷ്കറെ  തൈബയില്‍ നിന്ന് വീട്ടിൽ തിരിച്ചെത്തിയ കശ്മീര്‍  ഫുട്ബോള്‍ താരം മജീദ് അര്‍ഷദ് ഖാന് പരിശീലനത്തിന് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ ബൈച്യുംഗ് ബൂട്ടിയ പറഞ്ഞു.  ദില്ലിയിലെ ബൂട്ടിയ ഫുട്ബോൾ അസോസിയേഷനിലേക്ക് മജീദ് അര്‍ഷദ് ഖാനെ ക്ഷണിച്ച ബൂട്ടിയ കശ്മീര്‍ ഫുട്ബോൾ അസോസിയേഷന് കത്തയച്ചു.