വാഷിങ്ടണ്‍: ഭീകരതയ്ക്കെതിരെ പീഡനമുറകള്‍ ഫലം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ ടിവി അഭിമുഖത്തിലാണ് പീഡനമുറകള്‍ ഉപകരിക്കുന്നവയാണെന്ന വാദം ട്രംപ് ഉന്നയിച്ചത്.

തീയെ തീ കൊണ്ട് നേരിടണം. വാട്ടര്‍ബോര്‍ഡിങ് (തലകീഴായി കെട്ടിത്തൂക്കി വെള്ളത്തില്‍ മുക്കിയുള്ള ചോദ്യം ചെയ്യല്‍)അടക്കമുള്ള പീഡനമുറകള്‍ ഫലം ചെയ്യും. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഭീകരവാദം വ്യാപിക്കുന്നത് അവസാനിപ്പിക്കാന്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നും കഴിയില്ലെന്നും പ്രതിരോധ സെക്രട്ടറിയോടും സിഐഎ ഡയറക്ടറോടും ആരാഞ്ഞിരുന്നു. പീഡനമുറകള്‍ ഫലവത്താണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഇന്റലിജന്‍സ് മേധാവി മറുപടി നല്‍കിയതെന്നും ട്രംപ് വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പൗരന്‍മാരുടെ തല വെട്ടുന്നു. നമുക്കും ആ രീതിയില്‍ മറുപടി നല്‍കാനാകും. പക്ഷേ അത് ചെയ്യാന്‍ അനുവാദമില്ല. ആ രീതിയില്‍ അല്ല തിരിച്ചടിക്കുന്നത്. മധ്യകാലഘട്ടത്തില്‍ പോലും ആരും കേള്‍ക്കാത്ത ക്രൂരതകളാണ് ഐഎസ് ചെയ്യുന്നത്. അപ്പോള്‍ അവര്‍ക്കെതിരെ വാട്ടര്‍ ബോര്‍ഡിങ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോയെന്നും തീ നേരിടേണ്ടത് തീ കൊണ്ട് തന്നെയാണെന്നാണ് തന്റെ പക്ഷമെന്നും ട്രംപ് പറഞ്ഞു.

ഭീകരരെയും സംശയിക്കപ്പെടുന്നവരെയും ക്രൂരമായ ചോദ്യം ചെയ്യുന്ന ‘ബ്ലാക്ക് സൈറ്റ്’ രീതികള്‍ ഉപയോഗിക്കാന്‍ സിഐഎക്ക് അനുമതി നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.