ഇടുക്കി: മഴമാറി തണുപ്പ് അരിച്ചെത്തി തുടങ്ങി. ഇനി സഞ്ചാരികളുടെ കാലം. തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാര്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞുപുതച്ച മലയോരത്തിന്റെ മനോഹാരിത ആസ്വദിക്കണമെങ്കില്‍ ഗ്യാപ് റോഡിലത്തണം. നൂറുകണക്കിനടി ഉയരത്തിലുള്ള മലമുകളിലെ ഗ്യാപ് റോഡ് ഇന്ന് സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി മാറിയിരിക്കുകയാണ്. 

മഞ്ഞുപുതച്ച മലനിരകളും കടുത്ത തണുപ്പും ആസ്വദിക്കണമെങ്കില്‍ ഗ്യാപ്‌റോഡില്‍ തന്നെയെത്തണം. നൂറുകണക്കിന് അടി ഉയരത്തിലുള്ള ഒറ്റവരിപാതയിലൂടെ ഹെഡ്‌ലൈറ്റ് ഇട്ട് പോയാലും മറ്റ് വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണുവാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ സാഹിക യാത്രികരുടേയും പ്രധാന റൂട്ടാണിത്. 

കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയില്‍ മൂന്നാര്‍ തേക്കടി റൂട്ടിലുള്ള ഗ്യാപ്‌റോഡില്‍ ഒരിക്കലും സഞ്ചാരികളുടെ തിരക്കൊഴിയാറില്ല. കാഴ്ച്ചകളെ മറച്ച് വലിയ മലയെ മഞ്ഞ് വിഴുങ്ങിക്കഴിഞ്ഞാല്‍ തൊട്ടടുത്ത് തണുപ്പില്‍ വിറയ്ക്കുന്ന സഞ്ചാരികള്‍ക്ക് ചൂടുള്ള വിഭവങ്ങള്‍ ഒരുക്കി ചെറിയ കച്ചവടക്കാരും ഇവിടെ സജീവമാണ്. ചൂട് ചായയും, തീക്കനലില്‍ ചുട്ടെടുക്കുന്ന ചോളവും, പുഴുങ്ങിയ കടലയും തുടങ്ങി നിരവധി വിഭവങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചരികള്‍ മണിക്കൂറുകള്‍ ചിലവഴിച്ചതിനുശേഷമാണ് ഇവിടെനിന്നും മടങ്ങുക. 

എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ സംവിധാനവുമില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാപ്പകലെന്ന വ്യത്യാസമില്ലാതെയെത്തുന്ന സന്ദര്‍ശകരുടെ തിരക്ക് കണിക്കിലെടുകത്ത് ടൂറിസം വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നീലവസന്തം പൂക്കുന്ന 2018 ല്‍ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ വന്‍തിരക്കുണ്ടാകുമെന്ന് അധിക്യതര്‍ പറയുന്നത്. 

റോഡിന്റെ വീതികൂട്ടല്‍ പണികള്‍ ദേശീയപാത അധിക്യതര്‍ ആരംഭിച്ചത് സന്ദര്‍ശകര്‍ക്ക് നേരിയ ആശ്വാസം ഏകുന്നുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നിലകുറിഞ്ഞിപ്പൂക്കളാല്‍ വര്‍ണ്ണവസന്തം തീര്‍ക്കുന്ന മലകളെ സന്ദര്‍ശകര്‍ക്ക് ഇനി കാണണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയും.