തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബീന്‍സ്, കറിവേപ്പില, കോവയ്ക്ക, ബീറ്റ്റൂട്ട് അടക്കം എട്ട് ഇനം പച്ചക്കറികളില്‍ മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. മാലത്തയോണ്‍, എത്തിയോണ് തുടങ്ങി കേരളത്തില്‍ നിരോധിച്ചിട്ടുള്ള പ്രൊഫനോഫോസ് എന്ന ഉഗ്രവിശഷത്തിന്റെ സാന്നിധ്യവും ഈ പച്ചക്കറികളില്‍ കണ്ടെത്തി. ഓണത്തിനുമുന്നോടിയായി കൃഷി ഭക്ഷ്യസുരക്ഷ വകുപ്പുകളാണ് വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് പരിശോധന നടത്തിയത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ബീന്‍സ്, കറിവേപ്പില, കോവയ്ക്ക, ബീറ്റ്റൂട്ട്, പച്ചമുളക്, പാലക് ചീര, പുതിനയില, മല്ലിയില തുടങ്ങിയവയിലാണ് കീടനാശിനികളുടെ സാന്നിധ്യം പരിശോധിച്ച് കണ്ടെത്തിയത്. കോഴിക്കോട് നിന്ന് ശേഖരിച്ച ബീന്‍സിന്റെ സാംപിളില്‍ മാലത്തയോണ്‍, എത്തയോണ്‍ , ലാംബ്ഡാസൈഹാലോത്രിന്‍, പ്രൊഫനോഫോസ് എന്ന ഉഗ്രവിഷത്തിന്റെ സാന്നിധ്യവും കണ്ടെത്തി. തിരുവനന്തപുരത്തിന് നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ പ്രൊഫനോഫോസ് ട്രയാസോഫോസ്, ഫെന്‍പ്രൊപ്പാത്രിന്‍ സൈഫ്ലുത്രിന്‍ എന്നിങ്ങനെ നാല് കീടനാശിനികളുടെ അംശം കണ്ടെത്തിയപ്പോള്‍ മഞ്ചേശ്വരത്ത് നിന്ന് ശേഖരിച്ച് പരിശോധിച്ച കറിവേപ്പിലയില്‍ കണ്ടെത്തിയത് ക്ലോര്‍പൈറോസിസ് എന്ന കീടനാശിനി.

മല്ലിയിലയില്‍ പ്രോഫനോഫോസും പാലക് ചീരയില്‍ ഫെന്‍വാലറേറ്റുമാണ് കണ്ടെത്തിയത്. ട്രയാസോഫാസ് എന്ന കീടനാശിനിയാണ് പച്ചമുളകില്‍ കണ്ടെത്തിയത്. ഇതില്‍ പ്രൊഫനോഫോസ് കേരളത്തില്‍ നിരോധിച്ചിട്ടുള്ള കീടനാശിനിയാണ്. കരള്‍, വൃക്ക തുടങ്ങി അവയവങ്ങളെ സാരമായി ബാധിക്കുന്ന കീടനാശിനികളാണിവ. ഓണത്തിനു മുന്നോടിയായുള്ള പ്രത്യേക പരിശോധനക്കുവേണ്ടി ശേഖരിച്ച 188 സാംപിളുകളില്‍ 16 എണ്ണത്തിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളിലാണ് കൂടുതല്‍ വിഷാംശം കൂടുതല്‍.