തിരുവനന്തപുരം: ടിപി കേസ് പ്രതി അടക്കം പൂജപ്പൂര സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ഫോണ്‍വിളിയില്‍ സമഗ്ര അന്വേഷണത്തിന് ജയില്‍വകുപ്പ് തീരുമാനം. ടിപി കേസിലെ പ്രതി അണ്ണന്‍ സിജിത്തിന്റെയും കാരണവര്‍ വധക്കേസ് പ്രതി ബാസിത് അലിയുടെയും സെല്ലില്‍ നിന്നുമാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ബാസിത് അലി ഫോണ്‍ വഴി അയച്ച ഇ-മെയിലുകളെ കുറിച്ച് അന്വേഷിക്കാനും ജയില്‍ വകുപ്പ് മേധാവി നിര്‍ദ്ദേശിച്ചു. ജയില്‍ ഡിഐജി പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ അര്‍ദ്ധരാത്രി നടത്തിയ റെയ്ഡിലാണ് ഒന്നാം നമ്പര്‍ ബ്ലോക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അണ്ണന്‍ സിജിത്തിന്റെയും കാരണവര്‍ വധക്കേസിലെ പ്രതി ബാസിത് അലിയുടെയും മാവേലിക്കരയിലെ ഒരു കൊലക്കേസിലെ പ്രതി പ്രദീപിന്റെയും സെല്ലില്‍ നിന്നും ഒരു ആന്‍ഡ്രോയ്ഡ് ഫോണും ഒരു സാദാ ഫോണും പിടിച്ചെടുത്തത്. ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാസിത് അലിയാണ് ഫോണ്‍ കൊണ്ടുവന്നതെന്നാണ് വിവരം.

ജയില്‍ ജീവനക്കാരുടേയും സഹായം ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ബാസിത് അലി ആന്‍ഡ്രോയ്ഡ് ഫോണ്‍ വഴി 2016 ഡിസംബറിലും 2017 മാര്‍ച്ചിലും രണ്ട് ഇ-മെയിലുകള്‍ അയച്ചതായും തെളിഞ്ഞിട്ടുണ്ട്. ആരെയൊക്കെ ഇവര്‍ വിളിച്ചു ആര്‍ക്കൊക്കെ മെയില്‍ അയച്ചു എന്നും പരിശോധിക്കും.

ടിപി കേസിലെ മറ്റൊരു പ്രതിയായ ട്രൗസര്‍ മനോജിനെ ഹൃദയ ശസ്‌ത്രക്രിയക്ക് ശേഷം ജയിലിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മനോജിനെ സഹായിക്കാന്‍ നേരത്തെ സിജിത്തിനെയും മറ്റൊരു പ്രതി റഫീഖിനെയും ചുമതലപ്പെടുത്തിയതും വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് സിജിത്തിനെ ഒന്നാം ബ്ലോക്കിലേക്ക് മാറ്റിയത്.