നിരോധനാജ്ഞ ലംഘിച്ച്, സന്നിധാനത്ത്  സംഘടിച്ച് അക്രമത്തിന് നേതൃത്വം നൽകുന്ന പ്രതിഷേധക്കാർക്ക് മേൽ പൊലീസിന് ഒരു നിയന്ത്രണവുമില്ല. ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോഴാകട്ടെ  പതിനെട്ടാം പടി വരെ എത്തിനിൽക്കുന്നു പ്രതിഷേധങ്ങള്‍.

സന്നിധാനം: ശബരിമല സന്നിധാനം ഇപ്പോൾ ഏതാണ്ട് പൂർണ്ണമായും ബിജെപി, സംഘപരിവാർ പ്രവർത്തകരുടെ നിയന്ത്രണത്തിലാണ്. ബിജെപി നേതാക്കൾ സന്നിധാനത്ത് ക്യാമ്പ് ചെയ്താണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇടയ്ക്ക് നിയന്ത്രണം വിട്ട് പെരുമാറുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിന് ആകുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് സംഘപരിവാർ നേതാക്കളുടെ സഹായം തേടേണ്ട നിലയാണ് നിലവിലുള്ളത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പൊലീസിന്‍റെ മെഗാഫോണിലൂടെയാണ് പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിയത്.

"

ഇരച്ചെത്തിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഇതിനിടയിൽ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറിനിന്ന് സംസാരിച്ചു. ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നായിരുന്നു ഇത്. തുടർന്ന് ഒരുപറ്റം പ്രതിഷേധക്കാർ പതിനെട്ടാം പടിയും കയ്യടക്കി. പതിനെട്ടാം പടിയിൽ നടയ്ക്ക് പിന്തിരിഞ്ഞ് കുത്തിയിരുന്നായിരുന്നു ഇവരുടെ പ്രതിഷേധം. 

"

ശബരിമല ക്ഷേത്രസങ്കൽപ്പത്തിൽ സോപാനത്തോളവും ശ്രീകോവിലിനോളവും തന്നെ പതിനെട്ടാം പടിക്കും പ്രാധാന്യമുണ്ട്. ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി ചവിട്ടാൻ പാടില്ല എന്നാണ് ആചാരം. ആദ്യമായി മേൽശാന്തി ശബരിമലയിൽ എത്തുന്നത് ഇരുമുടിക്കെട്ടുമായാണ്. പുറപ്പെടാ ശാന്തിയായി സന്നിധാനത്ത് തുടരുന്ന സമയത്ത് മേൽശാന്തി നടവിട്ട് പുറത്തേക്ക് വന്നാൽ പതിനെട്ടാം പടി ചവിട്ടാതെ വടക്കേ നടയിലൂടെയാണ് തിരിച്ചുകയറുക. തന്ത്രിയും ഇരുമുടിക്കെട്ടില്ലാതെ വടക്കേ നട വഴിയേ സോപാനത്തിലേക്ക് കയറാറുള്ളൂ. പതിനെട്ടാം പടിയിൽ കുത്തിയിരിക്കുന്ന പ്രതിഷേധക്കാരിൽ ഒരാളുടെ കൈവശവും ഇരുമുടിക്കെട്ട് ഇല്ല. വിശ്വാസികളെ സംബന്ധിച്ച് അത്രയും പവിത്രമായ പതിനെട്ടാം പടിയിൽ ശ്രീകോവിലിന് പിന്തിരിഞ്ഞായിരുന്നു വിശ്വാസലംഘനത്തിന് എതിരായ പ്രതിഷേധം നടന്നത് .

"

പതിനെട്ടാം പടിയിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസുകാർ ബെൽറ്റിന് പകരം തോർത്ത് അരയിൽ കെട്ടി നിൽക്കുന്നതാണ് കീഴ്‍വഴക്കം. നിശ്ചിത ഇടവേളയിൽ ഡ്യൂട്ടി മാറുന്ന പൊലീസുകാർ നടയ്ക്കൽ ചെന്ന് പ്രസാദം വാങ്ങും. മേൽശാന്തി അവരെ മാലയിട്ട് സ്വീകരിച്ചതിന് ശേഷം ദൈവദാസൻമാർ എന്ന സങ്കൽപ്പത്തിലാണ് പൊലീസുകാർ പതിനെട്ടാം പടിയിൽ ഡ്യൂട്ടിക്ക് എത്തുക. ഔദ്യോഗിക കൃത്യനിർവഹണത്തിന് എത്തുന്ന ഉദ്യോഗസ്ഥർ പോലും ശബരിമലയുടെ പ്രത്യേകത പരിഗണിച്ച് ആചാരപ്രകാരം നിൽക്കുന്ന പതിനെട്ടാം പടിയാണ് ഇപ്പോൾ സമരവേദി ആയിരിക്കുന്നത്. ഇന്ന് പ്രതിഷേധം കാരണം പതിനെട്ടാംപടിയിൽ പൊലീസുകാർക്ക് ഡ്യൂട്ടി ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. 

ആചാരങ്ങള്‍ ലംഘിച്ച് പതിനെട്ടാം പടിയില്‍ കുത്തിയിരിപ്പ് സമരം

പതിനെട്ടാം പടിക്ക് മുമ്പ് ആഴിയും അതിനുതാഴെയുള്ള പടിക്കെട്ടും തുടങ്ങുന്നിടം മുതൽ സോപാനസങ്കൽപ്പം തുടങ്ങുന്നതായാണ് വിശ്വാസം. അവിടെ കാൽ നനച്ചുവേണം ആചാരപ്രകാരം പതിനെട്ടാംപടി ചവിട്ടാൻ. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാൻ ആചാരപ്രകാരം അവകാശമുള്ളത്. പണ്ട് ദർശനത്തിന് ശേഷം പതിനെട്ടാം പടി വഴി തിരിച്ചിറങ്ങാമായിരുന്നുവെങ്കിലും ഇപ്പോൾ ആ പതിവില്ല. അന്നും പടിക്ക് അഭിമുഖമായി പുറകോട്ടാണ് തിരിച്ചിറങ്ങിയിരുന്നത്. ഇപ്പോൾ മണ്ഡലകാലം അവസാനിച്ച് നടയടച്ചതിന് ശേഷം മേൽശാന്തിക്ക് മാത്രമാണ് പതിനെട്ടാം പടി വഴി തിരിച്ചിറങ്ങാൻ അവകാശമുള്ളത്.

പടിപൂജ സമയത്ത് ശാന്തിമാരും പരികർമികളും നടക്ക് അഭിമുഖമായി പുറകോട്ടാണ് പതിനെട്ടാം പടി തിരിച്ചിറങ്ങുക. പുറകോട്ടിറങ്ങി പതിനെട്ടാം പടിക്ക് താഴെ സാഷ്ടാംഗം പ്രണമിച്ചാണ് മേൽശാന്തി ദൗത്യം അവസാനിപ്പിക്കുക. ഇരുമുടിക്കെട്ടില്ലാതെ തോന്നുംപോലെ പതിനെട്ടാംപടി കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ശബരിമല വിശ്വാസികളെ സംബന്ധിച്ച് ഗുരുതരമായ ആചാരലംഘനമാണ്. പമ്പയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് പോലും ക്ഷേത്രചൈതന്യത്തിനും ആചാരങ്ങൾക്കും എതിരാണെന്ന് ദേവസ്വം ബോർഡ് നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പതിനെട്ടാം പടി എല്ലാ ആചാരങ്ങളും ലംഘിച്ച് സമരവേദിയാകുന്നത്. ആചാരം ലംഘിച്ച് യുവതികൾ പരിപാവനമായ പതിനെട്ടാം പടി ചവിട്ടിയാൽ നടയടച്ച് ഇറങ്ങുമെന്നായിരുന്ന് തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട്. ആ പതിനെട്ടാം പടിയിലാണ് ഇപ്പോള്‍ എല്ലാ ആചാരങ്ങളും ലംഘിച്ച് പ്രതിഷേധം നടക്കുന്നത്.


ദർശനത്തിനെത്തിയ സ്ത്രീകളേയും ഭക്തരേയും ആക്രമിച്ചു.

രാവിലെ തൃശൂരിൽ നിന്ന് എത്തിയ പത്തൊൻപത് അംഗ തീർത്ഥാടകസംഘത്തിലെ അമ്പത് വയസിന് മുകളിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ സന്നിധാനത്ത് ദർശനത്തിന് എത്തിയപ്പോഴായിരുന്നു സന്നിധാനത്ത് പ്രതിഷേധം തുടങ്ങിയത്. പമ്പ ഗണപതി ക്ഷേത്രത്തിൽ ചെറുമകന്‍റെ ചോറൂണ് ചടങ്ങിനായാണ് ഇവർ എത്തിയത്. അവിടെ പ്രതിഷേധക്കാരെ നിയന്ത്രിക്കുകയാരുന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയോട് ഇവർ തങ്ങൾക്ക് ശബരിമല സന്ദർശിക്കാമോ എന്ന് അന്വേഷിച്ചിരുന്നുവെന്നും അമ്പത് വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പോകാമെന്ന് കെപി ശശികല അനുവാദം കൊടുത്തിരുന്നുവെന്നും പ്രതിഷേധം നേരിട്ട സ്ത്രീയുടെ ഭര്‍ത്താവ് വിശദമാക്കി. ഇതനുസരിച്ച് സന്നിധാനത്തെത്തിയ അമ്പത് പിന്നിട്ട വനിതകളെയാണ് സന്നിധാനത്ത് പ്രതിഷേധക്കാർ ആക്രമിച്ചത്. ഇരുമുടിക്കെട്ടില്ലാതെ എത്തിയ അമ്പത്തിരണ്ട് വയസുള്ള തൃശൂ‍ർ സ്വദേശി ലളിതാ ദേവിയുടെ പ്രായത്തിൽ പ്രതിഷേധക്കാർ സംശയം പ്രകടിപ്പിച്ചു. നടപ്പന്തലില്‍ വച്ച് ഇലര്‍ക്കെതിരെ നാമജപ പ്രതിഷേധം തുടങ്ങി.ലളിതയെ പ്രതിഷേധക്കാർ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തു. രക്തസമ്മർദ്ദം ഉയർന്ന ലളിത കുഴഞ്ഞുവീണു. ഇവരുടെ കാലിന് ചവിട്ടുകൊണ്ട് പരിക്കേറ്റിട്ടുമുണ്ട്. പിന്നീട് പ്രായം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് ഇവര്‍ക്ക് ദര്‍ശനം നടത്താനായത്. 

ഇരുമുടിക്കെട്ടില്ലാതെ ദര്‍ശനത്തിനെത്തിയ 52 വയസ് പിന്നിട്ട സ്ത്രീയ്ക്ക് നേരെ സന്നിധാനത്ത് പ്രതിഷേധം

ചോറൂണ് ചടങ്ങിനെത്തിയ കുഞ്ഞിന്‍റെ ചെറിയച്ഛനായ മൃദുലിനെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു. മൃദുലിനെ സന്നിധാനത്ത് വച്ച് ഓടിച്ചിട്ട് അടിച്ചു. പൊലീസുകാർ സുരക്ഷാവലയം തീർത്ത് മൃദുലിനെ പ്രതിഷേധക്കാരിൽ നിന്നും വലിച്ചുമാറ്റിക്കൊണ്ട് ഓടുകയായിരുന്നു.

"

തുടര്‍ന്ന് പൊലീസുകാരുടെ സുരക്ഷാവലയത്തില്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച മൃദുല്‍ അക്രമികള്‍ തന്‍റെ ഷര്‍ട്ട് വലിച്ച് കീറിയതായും മുഖത്ത് ഇടിച്ചതായും പൊലീസിന് മൊഴി നല്‍കി. ബഹളം നടക്കുമ്പോള്‍ കൈക്കുഞ്ഞും സ്ഥലത്തുണ്ടായിരുന്നു. കുഞ്ഞിന് പരിക്കില്ല. 

"

ഈ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് എതിരെയും കയ്യേറ്റമുണ്ടായി. രക്ഷതേടി സമീപത്തെ കെട്ടിടത്തിന്‍റെ പാരപ്പറ്റിലേക്ക് ഓടിക്കയറിയ മാധ്യമപ്രവർത്തകരെ കസേര വലിച്ചെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെതടക്കം മാധ്യമപ്രവർത്തകരെ പല തവണ പ്രതിഷേധക്കാർ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. മാതൃഭൂമി വാര്‍ത്താ സംഘത്തിന് നേരെയും അമൃത ന്യൂസ് സംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. മാതൃഭൂമി ലേഖകനെ കസേരയെടുത്ത് അടിക്കാന്‍ ശ്രമിച്ചു. അമൃത ന്യൂസ് ചാനല്‍ ക്യാമറാമാന് സന്നിധാനത്ത് വച്ച് മര്‍ദ്ദനമേറ്റു. ഈ സമയത്തൊന്നും പ്രശ്നത്തിൽ ഇടപെടാൻ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് തയ്യാറായതുമില്ല. 

സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് മര്‍ദ്ദനം; ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം

കമാൻഡോകളടക്കം മൂവായിരത്തോളം വരുന്ന പൊലീസ് സേനയെയാണ് ശബരിമലയിലെ ക്രമസമാധാനം പരിപാലിക്കാൻ വിന്യസിച്ചിരിക്കുന്നത്. എന്നാൽ സന്നിധാനത്തും പമ്പയിലും പൊലീസ് സമ്പൂർണ്ണ പരാജയമാണ്. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ച് അക്രമത്തിന് നേതൃത്വം നൽകുന്ന പ്രതിഷേധക്കാർക്ക് മേൽ പൊലീസിന് ഒരു നിയന്ത്രണവുമില്ല. പൊലീസ് നോക്കിനിൽക്കെ സംഘപരിവാർ പ്രവർത്തകർ സംശയം തോന്നുന്നവരുടെയെല്ലാം പ്രായം പരിശോധിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയാണ്. പ്രതിഷേധക്കാർ സന്നിധാനത്ത് തങ്ങി എല്ലായിടത്തും നിർബാധം വിഹരിക്കുന്ന സ്ഥിതിഗതിയാണ് നിലവില്‍ ഉള്ളത്. അവരിൽ ഒരാളെപ്പോലും തടയാനോ നിയന്ത്രിക്കാനോ തയ്യാറാകാത്ത പൊലീസ് സാധാരണ ഭക്തരുടെ മേൽ സുരക്ഷയുടെ പേരുപറഞ്ഞ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. 

പൊലീസിന്‍റെ കണക്ക് കൂട്ടൽ തെറ്റിച്ച് ശബരിമല കയ്യടക്കി ബിജെപി ആർഎസ്എസ് പ്രവർത്തകർ

തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ നിലയ്ക്കൽ ആയിരുന്നു പ്രതിഷേധത്തിന്‍റെ പ്രധാന കേന്ദ്രം. തൊട്ടടുത്ത ദിവസം പ്രതിഷേധകേന്ദ്രം പമ്പ വരെ ആയി. രഹ്ന ഫാത്തിമയും കവിതയും പൊലീസ് സംരക്ഷണയിൽ ശബരിമല കയറിയപ്പോൾ ഈ പ്രതിഷേധം നടപ്പന്തൽ വരെയെത്തി. ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോഴാകട്ടെ പ്രതിഷേധം പതിനെട്ടാം പടി വരെ എത്തി. ആചാരലംഘനത്തിന് എതിരായ പ്രതിഷേധമെന്ന പേരിൽ ഗുരുതരമായ ആചാരലംഘനങ്ങൾ നിർബാധം തുടരുകയും ചെയ്യുന്നു.