ദിയോറിയ: പാളത്തിനടിയില്‍ നിന്ന് അയാളുടെ ജീവന്‍ രക്ഷപെട്ടത് എങ്ങനെയാണെന്ന് കണ്ടു നിന്ന ആര്‍ക്കും തന്നെ വിശ്വസിക്കാന്‍ സാധിക്കില്ല. ട്രെയിന്‍ കടന്ന് പോയപ്പോള്‍ അയാള്‍ സാധാരണ മട്ടില്‍ ട്രാക്കില്‍ നിന്നെഴുന്നേറ്റപ്പോള്‍ ചുറ്റും കൂടിയവരൊക്കെയും അമ്പരന്നിട്ടുണ്ടാവണം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത യുവാവ് മരണത്തെ കബളിപ്പിച്ചത്. 

പുറപ്പെടാന്‍ പോകുന്ന ട്രെയിന്‍ പിടിക്കാനുള്ള വ്യഗ്രതയില്‍ അയാള്‍ മേല്‍പ്പാലത്തിലൊന്നും കയറാന്‍ നോക്കിയില്ല. പാളം മുറിച്ച് കടന്ന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്നു ഗുഡ്സ് ട്രെയിനിന് അടിയിലൂടെ നൂണ്ട് അപ്പുറം കടക്കാനുള്ള ശ്രമമായിരുന്നു. അതിനിടയിലാണ് ഗുഡ്സ് ട്രെയിന്ഡ മുന്നോട്ട് എടുത്തത്. വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് തിരിച്ചറിഞ്ഞ യുവാവ് പാളത്തില്‍ അമര്‍ന്നു കിടന്നു. 

സംഭവം സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ട്രെയിന്‍ പോയി തീരുന്നത് വരെ യുവാവ് പാളത്തില്‍ അമര്‍ന്ന് കിടക്കുന്നതും ട്രെയിന്‍ പോയതിന് ശേഷം എഴുന്നേല്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.