ജനശതാബ്ദി, ഏറനാട്,വേണാട് തുടങ്ങി പ്രധാന ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയോടുന്നു.

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ഫലത്തില്‍ ഹര്‍ത്താലായി മാറി. കെഎസ്ആര്‍ടിസി--- സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്സികളും ഓടാതെ ഇരുന്നതോടെ പൊതുജനം പെരുവഴിയിലായി. 

എക്സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഭൂരിപക്ഷം തീവണ്ടികളും മണിക്കൂറുകള്‍ വൈകിയോടുകയാണ് കേരളത്തിന് പുറത്തും പലയിടത്തും തീവണ്ടികള്‍ തടയുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വൈകി ഏഴരയ്ക്കാണ് സര്‍വ്വീസ് ആരംഭിച്ചത്. 

ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ്സ് സമരക്കാര്‍ രണ്ടരമണിക്കൂര്‍ ആലപ്പുഴയില്‍ ത‌ടഞ്ഞിട്ടു. 5.55-ന് പോകേണ്ട ധന്‍ബാദ് എക്സ്പ്രസ്സ് 8.25-നാണ് ഒടുവില്‍ പുറപ്പെട്ടത്. 6.25-ന് ആലപ്പുഴയില്‍ നിന്നും പോകേണ്ട ഏറനാട് എക്സ്പ്രസ്സും രണ്ട് മണിക്കൂര്‍ പിടിച്ചിടേണ്ടി വന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സമരാനുകൂലികള്‍ ചെന്നൈ മെയില്‍ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള മദ്രാസ് മെയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ തടഞ്ഞു. 

തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. നൂറോളം പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനശതാബ്ദി എക്സ്പ്രസ് കൂടാതെ വേണാട് എക്സ്പ്രസ്സ്, ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളും തിരുവനന്തപുരത്ത് നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. അതേസമയം എറണാകുളം ജില്ലയില്‍ ഇന്ന് ഇനി തീവണ്ടികള്‍ തടയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഗുവാഹത്തിയിലും ഹൗറയിലും ഭുവനേശ്വറിലും തൊഴിലാളികള്‍ ട്രെയിനുകള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.