തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അ‌ർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവില്‍ വരും. ദേശീയ ട്രോളിങ് നയത്തിന്‍റെ ഭാഗമായി  ഇക്കുറി 52 ദിവസമാണ്  നിരോധനം. നിരോധനകാലത്ത്  സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അപര്യാപ്തമെന്ന പരാതിയാണ് ഈ വര്‍ഷവും തൊഴിലാളികൾ ഉന്നയിക്കുന്നത്.

ദേശീയ ട്രോളിങ് നയമനുസരിച്ച്  61 ദിവസമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്  47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇക്കുറി 52 ദിവസമായി ഉയര്‍ത്തിയത്.ഓഖി ചുഴലിക്കാറ്റും അടിക്കടി കടൽ പ്രക്ഷുബ്ദമാവുന്നതും മൂലം നിരവധി തൊഴിൽദിനങ്ങൾ ഇതിനോടകം നഷ്ടപെട്ടതിനാല്‍  ഇക്കുറി ട്രോളിംഗ് കാലത്ത് ദുരിതം ഏറുമെന്ന് തൊഴിലാളികള്‍ പറയുന്നു.

ഇൻബോർഡ് വള്ളങ്ങൾക്കു നിരോധനം ബാധകമല്ലെങ്കിലും ഇവയുടെ കാരിയർ വള്ളങ്ങൾ‍ക്ക് വിലക്കുണ്ട്. നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിനായി തീരദേശങ്ങളിൽ ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കും. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി തീരദേശ ജില്ലകളിൽ കളക്ടർമാർ ഉന്നത ഉദ്യോഗസ്ഥരുടെയും മത്സയതൊഴിലാളി യൂണിയനുകളുടെയും യോഗം വിളിച്ചു. അതേസമയം ​ നിരോധന കാലയളവ്​ വർധിപ്പിച്ച നടപടി​ ചോദ്യം​ ​ചെയ്തുള്ള ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.