കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്കാണ് നിര്‍ദ്ദേശം

തൃശൂര്‍: ആനകള്‍ക്ക് നിലവില്‍ നല്‍കുന്ന സുഖചികിത്സ ശാസ്ത്രീയമാണോ എന്ന് പരിശോധിക്കാന്‍ കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് നിര്‍ദ്ദേശം. കേരള നാട്ടാന പരിപാലന ചട്ടം ജില്ലാ മോണിട്ടറിങ് സമിതി മീറ്റിങ്ങിലാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ഉത്സവങ്ങളില്‍ നടത്തുന്ന ആനകളുടെ എഴുന്നള്ളിപ്പ് സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള എഴുന്നള്ളിപ്പുകള്‍ക്ക് നിലവില്‍ നിയന്ത്രണമുണ്ട്. ഇത് കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ആനകളുടെ പരിപാലനത്തില്‍ വീഴ്ച്ച വരുത്തിയ സംഭവങ്ങള്‍ ജില്ലയിലെ മൂന്ന് പൂരങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ കേസെടുക്കുകയും ഒരാനയെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഗുരുതരമായ നിയമലംഘനം നടത്തിയ മൂന്ന് പേരെ അറസ്റ്റും ചെയ്തിട്ടുണ്ടെന്ന് യോഗത്തില്‍ ബന്ധപ്പെട്ടവര്‍ വിവരിച്ചു. 

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധി എം എന്‍ ജയചന്ദ്രന്‍, ജില്ലാ ആനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍ ഡോ.എം ബി പ്രദീപ്കുമാര്‍, കെ ടി സജീവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അതിനിടെ, കര്‍ക്കിടകം ഒന്നിന് ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രാങ്കണത്തില്‍ പതിവുള്ള ആനയൂട്ടിന് ഒരുക്കങ്ങള്‍ തകൃതിയാണ്. ഒന്നുമുതലാണ് ആനകള്‍ക്ക് സുഖചികിത്സയും തുടങ്ങുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ വടക്കുന്നാഥന്‍ കൊക്കര്‍ണിയിലും ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍നോട്ടത്തില്‍ പുന്നത്തൂര്‍ കോട്ടയിലുമാണ് ജില്ലയിലെ കേമമായ ആനകളുടെ സുഖചികിത്സ നടക്കുന്നത്. ഇതോടൊപ്പം ഒന്നുമുതല്‍ വിവിധങ്ങളായ ക്ഷേത്രങ്ങളില്‍ ആനയൂട്ടും നടക്കും.