തൃശൂര്‍: തൃശൂരിന്റെ കിഴക്കന്‍ പാലപ്പിള്ളി മലയോരത്ത് ആദിവാസികള്‍ ഭൂസമരം ശക്തമാക്കാനൊരുങ്ങുന്നു. പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്ന ഭൂമിയ്ക്ക് പട്ടയം നല്‍കാതെ സര്‍ക്കാരുകള്‍ വഞ്ചിച്ചെന്ന് ആരോപണം. പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊരുമൂപ്പനായിരുന്നു കാര്‍ത്യായനിയുടെ ഭര്‍ത്താവ് തങ്കപ്പന്‍. ഏഴുമാസം മുമ്പ് മരണം കൊണ്ടുപോകുമ്പോഴും പട്ടയമെന്ന തങ്കപ്പന്റെ സ്വപ്നം യാഥാര്‍ഥ്യമായില്ല. ഇന്ന് കാര്‍ത്യായനി സമരത്തിനിറങ്ങാനൊരുങ്ങുന്നത് ഭര്‍ത്താവിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ കൂടിയാണ്. മലയ വിഭാഗത്തില്‍ പെട്ട ഇരുപത്തിരണ്ട് കുടുംബങ്ങളുണ്ട് എലിക്കോട് കോളനിയില്‍. കോളനിയ്ക്ക് തൊട്ടുചേര്‍ന്നുള്ള കര്‍ഷകര്‍ക്ക് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ആദിവാസികളെ അവഗണിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. പതിറ്റാണ്ടുകളായി ജീവിക്കുന്ന മണ്ണിന് പട്ടയം ലഭിക്കാനുള്ള സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമര സമിതി. അടിയന്തിര സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ജില്ലാ ഭരണകേന്ദ്രത്തിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങാനാണ് ആദിവാസികളുടെ തീരുമാനം.