മൂടല്‍ മഞ്ഞില്‍ ആനയെ കണ്ടില്ല ആദിവാസി യുവാവിനെ ആന ചവിട്ടികൊന്നു ആക്രമണമുണ്ടായത് ഫുട്ബോള്‍കളി കണ്ട് മടങ്ങി വരുന്ന വഴി
ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ ആദിവാസി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അടിമാലി കല്ലാർ പെട്ടിമുടി ആദിവാസി സെറ്റിൽമെൻറ് കോളനിയിലെ തങ്കച്ചൻ(48) ആണു പിടിയാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. പെട്ടിമുടിയിൽ നിന്നും വല്ലപ്പോഴും ഇവിടെയെത്തി ഷെഡിൽ താമസിച്ച് കൃഷി ചെയ്തിരുന്ന തങ്കച്ചൻ രണ്ട് ദിവസം മുമ്പാണ് ഇത്തവണ എത്തിയത്.
ഇന്നലെ രാത്രി ബന്ധുവായ തങ്കപ്പൻറെ ഒപ്പം കുറച്ച് മാറിയുള്ള ഗോപി എന്ന ആളുടെ വീട്ടിൽ പോയി ഫുട്ബോൾ മൽസരം കണ്ടു. മടങ്ങി വരുന്നതിനിടെ വഴിയിൽ നിൽക്കുകയായിരുന്ന കാട്ടാനകളുടെ മുന്നിൽ അബദ്ധത്തിൽ ചെന്നു പെടുകയായിരുന്നു. മൂടൽ മഞ്ഞ് മൂലം വഴി വ്യക്തമായിരുന്നില്ല. കയ്യിലിരുന്ന ടോർച്ചിൻറെ വെളിച്ചത്തിൽ ആന മുന്നിൽ നിൽക്കുന്നത് തിരിച്ചറിഞ്ഞ് ഇരുവരും ഓടിമാറി. ഒപ്പമുണ്ടായിരുന്ന തങ്കപ്പൻ ചപ്പും മുൾപ്പടർപ്പും നിറഞ്ഞ കുഴിയിലേയ്ക്ക് വീണതിനാൽ ആക്രമണം ഏൽക്കാതെ രക്ഷപെട്ടു. എന്നാൽ ടോർച്ച് തെളിയിച്ചു കൊണ്ട് മറ്റൊരു ഭാഗത്തേയ്ക്ക് ഓടിയ തങ്കച്ചനെ ആനകൾ പിൻതുടർന്നു.
ഓട്ടത്തിനിടെ വഴിയിൽ തട്ടിവീണ തങ്കച്ചൻറെ നടുവിനു ചവിട്ടിക്കൊണ്ട് ഒരു ആന മറികടന്ന് പോയി. അൽപ്പ സമയത്തിനു ശേഷം വീണുകിടന്ന കുഴിയിൽ നിന്നും എഴുന്നേറ്റുവന്ന തങ്കപ്പൻ അൽപ്പം ദൂരെ ടോർച്ച് തെളിഞ്ഞ് കിടക്കുന്നത് കണ്ടു അടുത്ത് ചെന്ന് നോക്കിയപ്പോളാണു തങ്കച്ചൻ ചവിട്ടേറ്റ് നട്ടെല്ല് തകർന്ന് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഒച്ച വച്ച് പരിസരവാസികളെ കൂട്ടുകയും, വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു. വനം വകുപ്പ് ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റർ കെ.എം സാബു, ബീറ്റ്ഫോറസ്റ്റർമാർ, ബോഡിമെട്ട് സെക്ഷൻ ഫോറസ്റ്റർ കെ.കെ വിനോദ് എന്നിവർ വാഹനവുമായി ഉടൻ എത്തി ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മാർഗ്ഗമദ്ധ്യേ മരിച്ചു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.

കോളനി പരിസരത്ത് ഇന്നലെ കാട്ടാനകൾ ഉണ്ടായിരുന്നില്ലെന്നും,മറ്റെവിടെയോ നിന്നും പടക്കം പൊട്ടിച്ച് ഓടിച്ച് വിട്ടതായിരിക്കാം പിടിയാനകളെന്നും നാട്ടുകാർ പറയുന്നു. രാജകുമാരി, ശാന്തൻപാറ, ബൈസൺവാലി പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വരുത്താറുള്ള അഞ്ചംഗ പിടിയാനക്കൂട്ടത്തിലെ ഒരെണ്ണമാണു ആക്രമണം നടത്തിയത് എന്നാണു വനപാലകരുടെയും നിഗമനം.സിങ്ങുകണ്ടം, സിമന്റ് പാലം പ്രദേശങ്ങളിൽ മറ്റ് കാട്ടാനകൾ ചുറ്റിത്തിരിയുന്നുമുണ്ട്.
കഴിഞ്ഞ മാസം 16നു രാവിലെ ഏഴുമണിയോടെ പൂപ്പാറ മൂലത്തറ പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചർ വേലു(55) ജോലിക്കിടെ ഒറ്റയാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികളും നാട്ടുകാരും മൃതദേഹവുമായി നാല് മണിക്കൂറോളം പൂപ്പാറ ടൗണിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കാട്ടാനശല്ല്യം രൂക്ഷമായ പ്രദേശങ്ങളിൽ ദ്രുത പ്രതികരണ സേനയെ വിന്യസിച്ചിരിക്കുകയാണു. കഴിഞ്ഞ 28നു വൈകിട്ട് തമിഴ്നാട്ടിൽ നിന്നും ബൈക്കിൽ വരുകയായിരുന്ന സഹോദരന്മാരുടെ വാഹനത്തിനു നേർക്കും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു.
