മാനന്തവാടി: ഗോത്രാചാര പ്രകാരം വിവാഹം കഴിച്ചതിന് പോക്‌സോ ചുമത്തപ്പെട്ട്‍ 40 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആദിവാസി യുവാവിന് ഒടുവില്‍ ജാമ്യം. വയനാട് അമ്പലവയലിലെ ബാബുവിനാണ് രണ്ട് വര്‍ഷത്തിനു ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്താതെ വിവാഹം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വയനാട് അമ്പലവയല്‍ കാരച്ചാല്‍ സ്വദേശികളായ 20 ലധികം ആദിവാസി യുവാക്കളുടെ മേല്‍ വയനാട് ശിശുക്ഷേമ സമിതിയിടപെട്ട് പോക്‌സോ കുറ്റം ചുമത്തിയത്. ഇതില്‍ ബാബുവെന്ന 22 കാരന്‍ 40 വര്‍ഷത്തെ തടവിനാണ് ശിക്ഷിക്കപ്പെട്ടത്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. തോമസ് തേരകം മനപൂര്‍വ്വം ആദിവാസി യുവാക്കളെ പോക്‌സോയില്‍പ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജി പരിഗണിക്കപ്പെട്ടതോടെയാണ് ജാമ്യത്തിന് വഴി തുറന്നത്. ജനിച്ച കുഞ്ഞിനെക്കാണാന്‍ പോലും വിചാരണ, ശിക്ഷാ കാലയളവുകളില്‍ ഈ യുവാവിന് സാധിച്ചിരുന്നില്ല.

പോക്‌സോ കേസുകളില്‍ രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നുമിരിക്കെ ആദിവാസി യുവാക്കളുടെ കാര്യത്തില്‍ യാതൊരും നടപടിക്രമങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ശൈശവ വിവാഹത്തെക്കുറിച്ച് ആദിവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നില്ല. ആദിവാസി ഊരുകളില്‍ നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ പോക്‌സോ ചുമത്തേണ്ടതില്ലെന്ന് പട്ടികജാതി, പട്ടിക വര്‍ഗ്ഗ അതിക്രം തടയുന്നതിനുള്ള സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടും നിരാലംബരായ യുവാക്കളെ നിയമത്തിനു മുന്നില്‍ കുരുക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.