ദില്ലി: മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ബില്‍ രണ്ടാം തവണയും ലോക്സഭയില്‍ പാസാക്കിയത്. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചിരുന്നു.  

245 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേർ എതിർത്തു. സിപിഎമ്മും ആര്‍എസ്പിയുടെ എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്. എന്നാല്‍, പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ ലോക്സഭയില്‍ എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ല. വോട്ടെടുപ്പിന് നില്‍ക്കാതെ കോണ്‍ഗ്രസ് സഭയില്‍നിന്ന് ഇറങ്ങിപ്പോയെങ്കിലും കുറച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ തുടര്‍ന്നു.

പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ഭരണപക്ഷം ലോക്സഭയില്‍ വിജയം ഉറപ്പിച്ചത്. ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം വിളിച്ചാണ് ബിജെപി അംഗങ്ങള്‍ ബില്ല് ലോക്സഭയില്‍ പാസായതിനെ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഓർഡിനൻസിനെതിരെയുള്ള എൻ കെ പ്രേമചന്ദ്രൻറെ പ്രമേയം സ്പീക്കർ തള്ളുകയായിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടെടുപ്പ് നടന്നു. മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നുമാണ് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടത്.