Asianet News MalayalamAsianet News Malayalam

വണ്ടിയിലിരുന്ന് സിഗററ്റ് കുറ്റി പുറത്തേക്കെറിയുന്നവരുടെ ശ്രദ്ധയ്ക്ക്...

ചരക്കുസാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ഒരു ട്രക്കില്‍ നിന്നും ഡ്രൈവര്‍ പുറത്തേക്കെറിഞ്ഞ സിഗററ്റ് കുറ്റി അതേ വണ്ടിക്ക് തന്നെ പണികൊടുത്തുവെന്നാണ് വാര്‍ത്ത. ചൈനയിലെ ഫ്യൂജിയാനിലാണ് സംഭവം.
 

truck caught fire when driver throws out cigarette butt
Author
Beijing, First Published Dec 2, 2018, 2:16 PM IST

ബെയ്ജിംഗ്: വാഹനമോടിക്കൊണ്ടിരിക്കെ അതിനകത്തുനിന്ന് വലിച്ച് തീര്‍ന്ന സിഗററ്റ് കുറ്റി പുറത്തേക്കെറിയുന്നവര്‍ ധാരാളമുണ്ട്. എത്രമാത്രം അപകടകരമായ പ്രവര്‍ത്തിയാണെന്ന് തിരിച്ചറിവുണ്ടായിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു പാഠമാണ് ചൈനയില്‍ നിന്ന് പുറത്തുവരുന്ന ഈ വാര്‍ത്ത. 

ചൈനയിലെ ഫ്യൂജിയാനിലാണ് സംഭവം നടന്നത്. ചരക്കുസാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ഒരു ട്രക്കില്‍ നിന്നും ഡ്രൈവര്‍ പുറത്തേക്കെറിഞ്ഞ സിഗററ്റ് കുറ്റി അതേ വണ്ടിക്ക് തന്നെ പണികൊടുത്തുവെന്നാണ് വാര്‍ത്ത. ഡ്രൈവര്‍ പുറത്തേക്കെറിഞ്ഞ സിഗററ്റ് കുറ്റി, കാറ്റില്‍ ട്രക്കിന്റെ പിന്‍വശത്തേക്ക് പറന്നുപോവുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം ട്രക്കിന്റെ പിന്‍ഭാഗത്തിന് തീപിടിച്ചു. 

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതാണ് ഡ്രൈവര്‍ക്ക് രക്ഷയായത്. അവര്‍ ഉടന്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ട്രക്കില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബാഗേജുകളും ഒരു സൈക്കിളും ഭാഗികമായി കത്തിനശിച്ചു. വണ്ടിയുടെ പുറകുവശത്ത് മാത്രം തീ പടര്‍ന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 

സംഭവം ചിത്രങ്ങള്‍ സഹിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ സിഗററ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിയുന്നവര്‍ കരുതണമെന്ന താക്കീതോടുകൂടി നിരവധി പേരാണ് വാര്‍ത്ത പങ്കുവയ്ക്കുന്നതും.
 

Follow Us:
Download App:
  • android
  • ios