റഷ്യയുമായുള്ള ആണവക്കരാർ റദ്ദാക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരാർ അമേരിക്കയ്ക്ക് ഗുണകരമല്ലെന്ന് ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുചിനെ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുചിനുമായി ടെലിഫോണിൽ സംസാരിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര തലത്തിൽ വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിലപാടുമായി ഡോണാൾഡ് ട്രംപ് രംഗത്തെത്തിയത്. ബറാക് ഒബാമയുടെ കാലത്ത് 2010ലുണ്ടാക്കിയ കരാർ അമേരിക്കയ്ക്ക് ഗുണമല്ലെന്ന് ട്രംപ് പുചിനെ അറിയിച്ചെന്നാണ് സൂചന.
ഒബാമയുടെ കാലത്ത് ഒപ്പിട്ട മോശം കരാറുകളുളിലൊന്നായാണ് ട്രംപ് റഷ്യയുമായുള്ള കരാറിനെ കാണുന്നതെന്നും പുചിനെ അറിയിച്ചു. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായി റോയിറ്റേഴ്സാണ് വാർത്ത പുറത്ത് വിട്ടത്. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം.
സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരണം വൈറ്റ്ഹൗസ് നടത്തിയിട്ടില്ല. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ റഷ്യയുമായുള്ള ആണവകരാറിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ആയുധം നിർമ്മിക്കാൻ അമേരിക്കയെ വിലക്കുന്ന കരാറിൽ റഷ്യയ്ക്ക് അവസരം നൽകുന്നെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. നേരത്തെ ഒബാമ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ഒബാമ കെയർ നിർത്തലാക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചിരുന്നു.
