വാഷിംഗ്ടണ്‍: ലൈംഗികാരോപണങ്ങളിൽ മുഖം നഷ്ടപ്പെട്ട അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് എതിരാളി ഹിലരി ക്ലിന്റണെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ശക്തമാക്കുന്നു.ഹിലരി ഉത്തേജകമരുന്നടിച്ച ശേഷമാണ് രണ്ടാം സംവാദത്തിൽ പങ്കെടുത്തതെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. ഇന്ത്യക്കാരായ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിക്കൊണ്ടും ട്രംപ് രംഗത്തെത്തി.
ഒന്നിന് പുറകെ ഒന്നായി ഏഴ് സ്ത്രീകൾ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ഹിലരിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച് വോട്ടുപിടിക്കാനുള്ള ശ്രമം. രണ്ടാം സംവാദത്തിന് മുമ്പ് ഹിലരി ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. സംവാദത്തിന്റെ തുടക്കത്തിൽ ഊർജ്ജസ്വലയായി പ്രത്യക്ഷപ്പെട്ട ഹിലരിക്ക് പക്ഷേ സംവാദം തീർന്നപ്പോൾ കാറിനടുത്തേക്ക് നീങ്ങാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു.
അതുകൊണ്ട് അടുത്ത സംവാദത്തിന് മുമ്പ് ഇരുവർക്കും ഉത്തേജക മരുന്ന് പരിശോധന നടത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.എന്നാൽ ആരോപണത്തിന് തെളിവൊന്നും നിരത്താൻ ട്രംപിന് കഴിഞ്ഞുമില്ല. ഹിലരിക്ക് പ്രസിഡന്റാകാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന് മുമ്പും ട്രംപ് ആരോപിച്ചിരുന്നു. ഇതിനിടെ റിപ്പബ്ലിക്കൻ ഹിന്ദു സഖ്യം ന്യൂജേഴ്സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ, ഇന്ത്യയുമായുള്ള സൗഹൃദം ശക്തമാക്കുമെന്ന് ട്രംപ് പറഞ്ഞു. ഊജ്ജസ്വലനായ വ്യക്തിയാണ് ഇന്ത്യയുടെ നേതാവ്. ഇന്ത്യയെ പെട്ടെന്ന് വളർച്ചയിലെത്തിക്കാനായി പ്രവർത്തിക്കുന്ന മോദി ഇന്നത്തെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാണെന്നും ട്രംപ് പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ പിന്തുണ അഭ്യർത്ഥിച്ചാണ് ട്രംപ് മടങ്ങിയത്.
