ട്രംപിന്‍റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിലൊന്ന് ഒബാമ കെയർ പിൻവലിക്കും എന്നതായിരുന്നു. എന്നാലിപ്പോൾ വാൾ സ്ട്രീറ്റ് ജർ‌ണലിനോടാണ് ട്രംപ് നയംമാറ്റം വ്യക്തമാക്കിയത്. രണ്ട് പ്രധാന വ്യവസ്ഥകൾ നിലനിർത്താനാണ് ട്രംപിന്‍റെ തീരുമാനം. നേരത്തെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്ന കമ്പനികൾക്ക് നിരോധനമാണ് ഒരു വ്യവസ്ഥ, അച്ഛനമ്മമാരുടെ പോളിസികളിൽ മക്കളേയും ഉൾപ്പെടുത്തുന്നതാണ് ഒബാമ കെയറിലെ രണ്ടാമത്തെ പ്രധാന വ്യവസ്ഥ. 

ഇതുരണ്ടും തനിക്ക് വളരെയിഷ്ടമാണ് എന്നാണിപ്പോൾ ട്രംപിന്‍റെ വാക്കുകൾ. ഒബാമയുമായി വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയാണ് തന്നെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും ട്രംപ് പറയുന്നു. ട്രംപിനെ സംബന്ധിച്ച് ഇതാദ്യത്തെ പിൻമാറ്റമല്ല. പ്രചാരണകാലത്ത് തന്നെ സ്വവർഗ്ഗവിവാഹം, ഗർഭഛിദ്രം എന്നിവയിൽ ട്രംപ് നിലപാട് മാറ്റിയിരുന്നു. വൈറ്റ് ഹൗസിലെ ചതുപ്പ് എന്ന് ജീവനക്കാരയെും ലോബിയിസ്റ്റുകളേയും അധിക്ഷേപിച്ച ട്രംപ് തന്‍റെ വിശ്വസ്തരായി ഇപ്പോൾ ഒപ്പം കൂട്ടിയിരിക്കുന്നതും പഴയ റിപബ്ലിക്കന്‍ ജീവനക്കാരെയും ലോബിയിസ്റ്റുകളെയുമാണ്.

അമേരിക്കയുടെ ഏറ്റഴും മോശം പ്രസിഡന്‍റ് എന്ന ഒബാമയെ അധിക്ഷേപിച്ച ട്രംപ് കൂടിക്കാഴ്ചക്കുശേഷം നല്ല മനുഷ്യൻ എന്നാണ് പ്രസിഡന്‍റിനെ വിശേഷിപ്പിച്ചത്. നിലപാട് മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നർത്ഥം, വ്യവസ്ഥിതിക്കെതിരായി വോട്ടുചെയ്ത് മാറ്റങ്ങൾക്കായി കാത്തിരിക്കുന്ന അമേരിക്കൻ ജനത നിരാശരാകുമോ എന്നാണ് ഇനി അറിയാനുള്ളത്.