വാഷിംഗ്ടണ്‍: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കന്‍ നടപടിയ്‌ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുച്ചിനെ അഭിനന്ദിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അല്‍പം വൈകിയെങ്കിലും പുച്ചിന്റേത് മികച്ച നീക്കമാണെന്ന് ട്രംപ് പറഞ്ഞു . തെരഞ്ഞെടുപ്പ് തിരിമറി വിവാദത്തില്‍ റഷ്യയും അമേരിക്കയും കൊമ്പ് കോര്‍ക്കുന്നതിനിടെയാണ് ട്രംപിന്‍റെ പ്രതികരണം.

ശീതയുദ്ധകാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള നയതന്ത്ര സംഘര്‍ഷമാണ് അമേരിക്കയും റഷ്യയും തമ്മില്‍ നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി  ഹിലരി ക്ലിന്റണെ തോല്‍പ്പിക്കാന്‍ ഇടപെടല്‍ നടത്തിയെന്നാരോപിച്ചാണ് 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയത്. മണിക്കൂറുകള്‍ക്കകം അതേ നാണയത്തില്‍ തിരിച്ചടിച്ച റഷ്യ അത്ര തന്നെ അമേരിക്കന്‍ നയതന്ത്രജ്ഞരെ  പുറത്താക്കി. റഷ്യയുടെ ഈ നടപടിയെ പ്രകീര്‍ത്തിച്ചാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

അല്‍പം വൈകിയെങ്കിലും മികച്ച നീക്കമാണ് റഷ്യയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പുച്ചിന്‍ മിടുക്കനാണെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്‍റ് ബാരക് ഒബാമയുമായി പുച്ചിന്‍  നല്ല ബന്ധത്തിലായിരുന്നില്ല .  തെരഞ്ഞെടുപ്പ് തിരിമറി വിവാദത്തോടെ അത് കൂടുതല്‍ വഷളായി. എന്നാല്‍ പ്രചാരണ കാലം മുതല്‍ക്കെ ട്രംപ് പുച്ചിനോട് അടുക്കാനാണ് ശ്രമിച്ചത്.

പുച്ചിനെ പുകഴ്ത്തി ഇടക്കിടെ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണവും ട്രംപ് തള്ളിയിരുന്നു. അതേസമയം അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയ്‌ക്ക് ശേഷം ഉടന്‍ മറ്റ് നീക്കങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് റഷ്യ. ട്രംപ് അധികാരമേറ്റ് ഈ വിഷയത്തില്‍ എന്ത് തീരുമാനമെടുക്കുന്നുവെന്ന് അറിഞ്ഞശേഷം മാത്രം അടുത്ത നീക്കത്തിലേക്ക് പോകാമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ്. അടുത്ത മാസം 20നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നത്.