സീറോ ടോളറൻസ് പദ്ധതിക്കെതിരെ വിമർശനം ശക്തമായ പശ്ചാത്തലത്തിൽ കൂടിയാണ് ട്രംപ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്
വാഷിങ്ടണ്‍: അമേരിക്കയെ അഭയാർത്ഥി ക്യാന്പാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തിയിൽ അഭയാർത്ഥികളായെത്തുന്ന കുട്ടികളെ അവരുടെ രക്ഷിതാക്കളിൽ നിന്ന് വേർപെടുത്തുന്നതിനെതിരെ പ്രതിഷേധം പടരുന്നതിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ ജയിലിലടക്കുന്ന സീറോ ടോളറൻസ് പദ്ധതിക്കെതിരെ വിമർശനം ശക്തമായ പശ്ചാത്തലത്തിൽ കൂടിയാണ് ട്രംപ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ട്രംപിന്റെ ഈ പദ്ധതി ടെക്സസിലെ അഭയാർത്ഥി ക്യാന്പുകളിൽ കുട്ടികൾ നിറയാൻ കാരണമായിരുന്നു. കുടുംബത്തോടൊപ്പം എത്തുന്ന അഭയാർത്ഥികൾ അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിച്ചാൽ അവരെ ക്രിമനൽ കേസെടുത്ത് ജയിലിൽ അടയ്ക്കുകയും കുട്ടികളെ അഭയാർത്ഥി ക്യാന്പുകളിലേക്ക് മാറ്റുകയുമാണ് നിലവിൽ ചെയ്യുന്നത്.
ഏപ്രിൽ പകുതി മുതല്‍ മെയ് അവസാനം വരെ മാത്രം 2000ത്തോളം കുട്ടികൾ അവരുടെ രക്ഷിതാക്കളിൽ നിന്ന് വേര്‍പിരിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയിൽ നിന്നും സ്വന്തം പാർട്ടിയിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, അമേരിക്കയെ അഭയാർത്ഥി ക്യാന്പ് ആക്കാതിരിക്കാനാണ് നടപടിയെന്നും വിശദീകരിച്ചു. അഭയാർത്ഥികളെ പ്രവേശിപ്പിക്കുന്ന ജർമൻ നിലപാടിനെ രൂക്ഷമായ ഭാഷയിൽ ട്രംപ് വിമർശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ട്രംപിന്റെ ഈ നയത്തെ വിമർശിച്ച് ഭാര്യ മെലാനിയയും രംഗത്തെത്തിയിരുന്നു.
