ഇസ്‌ലാമാബാദ്: പാകിസ്ഥാനെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ തോല്‍വിക്ക് പാകിസ്ഥാനെ ബലിയാടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്‍ററി കമ്മറ്റിക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

അതേസമയം, പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കുകയുണ്ടായി. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. അമേരിക്കന്‍ വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവെര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ സാമ്പത്തിക സഹായം കൈപ്പറ്റി പാക്കിസ്ഥാന്‍ അമേരിക്കയെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.