പാലക്കാട്: ജിഷ്ണു പ്രണോയ് കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സിബിഐ.  കേസിൽ സാക്ഷികളായ കുട്ടികളെ പരീക്ഷകളിൽ തോൽപിക്കുന്നതടക്കമുള്ള പ്രതികാര നടപടികൾ കോളേജധികൃതർ നടത്തുന്നു.  സാഹചര്യം സുപ്രീംകോടതിയെ അറിയിക്കാൻ സിബിഐ തീരുമാനിച്ചു. സിബിഐ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

ജിഷ്ണു പ്രണോയ് കേസിൽ നെഹ്റു കോളേജ് മാനേജ്‌മെൻറിന് എതിരെ മൊഴി നൽകിയ വിദ്യാര്‍ത്ഥികളെ പരീക്ഷയിൽ തോൽപ്പിച്ചതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയും കണ്ടെത്തി. എന്നാല്‍ മനപൂര്‍വ്വം തോല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു മാനേജ്‌മന്റ് നിലപാട്. 

ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്മെൻറിനെതിരെ മൊഴി നല്‍കിയ ഡി ഫാം വിദ്യാര്‍ത്ഥികളായ അതുല്‍, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെ പ്രാക്ടികല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചെന്നാണ് പരാതി. തുടര്‍ച്ചയായി രണ്ട് വട്ടം പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം മാര്‍ക്ക് പരിശോധിച്ചു. അപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. മാര്‍ക്കുകള്‍ വെട്ടിതിരുത്തിയ നിലയിലാണ്.