ചെന്നൈ: തമിഴ്നാട്ടിൽ ടിടിവി ദിനകരൻ പക്ഷം പിടിമുറുക്കുന്നു . ഇപിഎസ്, ഒപിഎസ് പക്ഷത്തിന് കനത്ത തിരിച്ചടി. ഇന്നു വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ നാൽപ്പതോളം എംഎൽഎമാർ നേതൃയോഗത്തിന് എത്തിയില്ല .
ശശികലയെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം വിളിക്കുന്നത് തീരുമാനിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് യോഗം വിളിച്ചത്.
അതിനിടെ വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം ഗവർണർ തീരുമാനമെടുക്കുമെന്നാണ് സൂചന. ശശികലയെ പുറത്താക്കിയാൽ 25 എംഎൽഎമാരും സർക്കാരിനുള്ള പിന്തുണയും പിൻവലിയ്ക്കുമെന്ന സൂചനയാണ് ടിടിവി ദിനകരൻ തേനിയിൽ നടന്ന വാർത്താ സമ്മേളനത്തിലും നൽകിയത്.
ഇതിനെയെല്ലാം അവഗണിച്ച് ശശികലയെ പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം എങ്ങനെ നടത്താമെന്നാലോചിയ്ക്കാനാണ് ഇന്ന് അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എടപ്പാടി എംഎൽഎമാരുടെ യോഗം വിളിച്ചത്. ആയിരത്തിലധികം അംഗങ്ങളുള്ള ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് ശശികലയെ പുറത്താക്കാനുള്ള പ്രമേയം പാസ്സാക്കിയെടുക്കാൻ ശ്രമിച്ചാൽ ദിനകരൻ അനുകൂലികൾ യോഗം തടസ്സപ്പെടുത്താൻ നോക്കിയേക്കും. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാൻ പൊലീസിന്റെ സഹായത്തോടെ ജനറൽ കൗൺസിൽ യോഗം നടത്താനാണ് എടപ്പാടി ശ്രമിയ്ക്കുക. അടിയന്തരമായി നിയമസഭാസമ്മേളനം വിളിയ്ക്കണമെന്ന് ഡിഎംകെയും രാഷ്ട്രീയകുതിരക്കച്ചവടം നടത്താൻ സഹായിക്കരുതെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരവും പറഞ്ഞ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.
വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിലുള്ള ഹർജി നാളെ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇതിനു മുൻപ് ഡിഎംകെ എംഎൽഎമാർക്കെതിരെ സസ്പെൻഷനുൾപ്പടെയുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന സൂചനയുമായി ഇന്ന് നിയമസഭാ സമിതിയുടെ സിറ്റിംഗ് നടക്കുന്നുണ്ട്. ഗുഡ്ക വിവാദമുയർത്താൻ സഭയിൽ ഗുഡ് കൊണ്ടുവന്നതിന് എംഎൽഎമാരെ സസ്പെൻഡ് ചെയ്യുന്ന കാര്യം തീരുമാനിയ്ക്കാനാണ് സിറ്റിംഗ്. ദിനകരൻ പക്ഷത്തിനു പിന്നാലെ ഡിഎംകെ എംഎൽഎമാരെയും അയോഗ്യരാക്കിയാൽ വിശ്വാസവോട്ടിൽ കടന്നു കൂടാമെന്നാണ് എടപ്പാടിയുടെ കണക്കുകൂട്ടൽ. എന്നാൽ നിയമപരമായി ഈ നടപടികൾ നിലനിൽക്കുമോ എന്ന കാര്യം സംശയമാണ്. ദിനകരൻ പക്ഷത്തിനോ, ഡിഎംകെയ്ക്കോ എതിരെ സ്പീക്കർ എന്തു നടപടിയെടുത്താലും അവയെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പ്.
