ഇസ്താംബൂള്‍: അട്ടിമറിയെത്തുടര്‍ന്നു പ്രതിരോധ മേഖലയില്‍ സര്‍ക്കാര്‍ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ തുടരുന്നു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫാക്ടറികളും തുറമുഖങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു. 

അങ്കാറയിലെ സൈനിക ആശുപത്രിയില്‍ ഡോക്ടര്‍മാരടക്കം 100 ജീവനക്കാര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗുല്‍ഹെയിന്‍ മിലിറ്ററി മെഡിക്കല്‍ അക്കാദമി ആശുപത്രിയില്‍ പോലീസ് പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സൈന്യത്തെ ഉടച്ചുവാര്‍ക്കുന്നത് ദേശീയ സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം പാര്‍ലമെന്റില്‍ പറഞ്ഞു. 

പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തെത്തുടര്‍ന്ന് പ്രസിഡന്റ് എര്‍ദോഗന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിലും പോലീസിലും ജുഡീഷറിയിലും വിദ്യാഭ്യാസക്രമത്തിലും സാരമായ മാറ്റങ്ങളും വരുത്തിയിരുന്നു. സൈന്യത്തില്‍ അഴിച്ചുപണി നടത്തി പുതിയ ആളുകളെ രംഗത്തു കൊണ്ടുവരുകയാണ് എര്‍ദോഗന്റെ ശ്രമം. ജൂലൈ 15 നാണ് തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം അട്ടിമറിശ്രമം നടത്തിയത്.