Asianet News MalayalamAsianet News Malayalam

ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും; പ്രതിഷേധവുമായി ടി.വി.അനുപമ

ഫേസ്ബുക് പോസ്റ്റിലൂടെയാണ് അനുപമ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

TV Anupama facebook post over HC remarks

ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതിഷേധവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. കവയത്രി നിഖിത ഖില്ലിന്റെ വരികള്‍ ഉദ്ധരിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റ് കുറിപ്പിലൂടെയാണ് അനുപമ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്നാണ് അനുപമയുടെ ഫേസ്‌ബുക് പോസ്റ്റ്.

നേരത്തെ തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ രണ്ടു നോട്ടിസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നോട്ടിസ് നൽകിയത് തെറ്റായ സർവേ നമ്പരിലാണെന്നു കോടതി കണ്ടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തൽ ആരോപണത്തിൽ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസിൽ ബ്ലോക്ക് നമ്പരും സർവേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോൾ തിരുത്തൽ നോട്ടിസും കലക്ടർ അയച്ചിരുന്നു. കോടതിയിൽ ഇക്കാര്യം കലക്ടർ അറിയിച്ചു. ഇരു നോട്ടിസുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടർ പറഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതി നോട്ടിസ് റദ്ദാക്കിയത്.

കലക്ടർ പുറപ്പെടുവിച്ച ആദ്യ നോട്ടിസിൽ തുടർനടപടികൾ ഹൈക്കോടതി ഫെബ്രുവരി 21നു സ്റ്റേ ചെയ്തിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണു സ്റ്റേ അനുവദിച്ചിരുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കിൽ ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 17നാണ് കലക്ടർ നോട്ടിസ് പുറപ്പെടുവിച്ചത്. 

Follow Us:
Download App:
  • android
  • ios