തെഹ്റാൻ: ആക്ഷൻ കിങ് ജാക്കി ചാന്‍ ചിത്രത്തിലെ അശ്ലീല രംഗങ്ങൾ ടെലിവിഷനിലൂടെ കാണിച്ച ചാനല്‍ മേധാവിയെ ജോലിയിൽനിന്ന് പുറത്താക്കി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ. ഇറാനിലെ കിഷ് ഐലന്‍ഡിലെ പ്രാദേശിക ടിവി ചാനലാണ് രംഗങ്ങൾ പുറത്തുവിട്ടത്. ജാക്കി ചാന്‍റെ ഷിൻജുകു എന്ന ചിത്രത്തിലെ സെൻസർ ചെയ്യാത്ത രംഗങ്ങളാണ് ചാനലിലൂടെ കാണിച്ചത്.

കിഷ് ടിവിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇറാനിയൻ ചാനലുകളും രംഗത്തെത്തി. സദാചാരവിരുദ്ധമായ ദൃശ്യങ്ങളാണ് കിഷ് ടിവി പുറത്തുവിട്ടത്. അത് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിയന്‍ മാധ്യമങ്ങൾ പ്രതികരിച്ചു. ചിത്രത്തിൽ ഒരു യുവതിയുമൊത്തുള്ള ജാക്കി ചാന്‍റ കിടപ്പറ രംഗങ്ങളാണ് ചാനൽ പുറത്തുവിട്ടത്. 

ഇറാനിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധം ടിവിയിൽ കാണിക്കുന്നത് അനുവദനീയമല്ല. ഇരുവരും തമ്മിൽ തമാശകൾ പറയുന്നത്, മുഖം മറയ്ക്കാത്ത സ്ത്രീകൾ, സ്ത്രീകളുടെ മുഖം, കഴുത്ത്‌ തുടങ്ങിയവും കാണിക്കുന്നതിന് ശക്തമായ വിലക്കുണ്ട്. കൂടാതെ പൊലീസിനേയോ താടി വളർത്തിയ ആളുകളയോ നെഗറ്റീവായി കാണിക്കുന്നതിനും ഇറാനിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.  സംഭവത്തിൽ ഐആർഐബി തലവൻ അലിയാസ്ഗരി അലി അസ്കാരി അന്വേഷണത്തിന് ഉത്തരവിട്ടു.